എയർ ടു എയർ മിസൈൽ ‘അസ്ത്ര’വിജയകരമായി വിക്ഷേപിച്ചു

ന്യൂഡൽഹി: പ്രതിരോധമേഖലയിൽ മറ്റൊരു ചുവടുവയ്പുമായി ഇന്ത്യ. തദ്ദേശീയമായി വികസിപ്പിച്ച എയർ ടു എയർ മിസൈൽ ‘അസ്ത്ര’ തദ്ദേശനിർമിത യുദ്ധവിമാനമായ തേജസ് എംകെ-1 ൽനിന്നു വിജയകരമായി വിക്ഷേപിച്ചതായി പ്രതിരോധമന്ത്രാലയം അറിയിച്ചു. പുതിയ പരീക്ഷണത്തോടെ വ്യോമസേനയുടെ മുൻനിര യുദ്ധവിമാനങ്ങളിൽ ഒന്നായ തേജസിലും ‘അസ്ത്ര’ മിസൈലുകൾ ഘടിപ്പിക്കും. നേരത്തേ മറ്റൊരു യുദ്ധ വിമാനമായ സുഖോയിയിൽ മിസൈൽ ഘടിപ്പിച്ച് പരീക്ഷണം പൂർത്തിയാക്കിയിരുന്നു. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒ, വ്യോമസേന, ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് തുടങ്ങിയവയുടെ നേതൃത്വത്തിൽ എയ്റോനോട്ടിക്കൽ ഡെവലപ്മെന്റ് ഏജൻസിയാണു പരീക്ഷണം നടത്തിയത്. ആകാശത്ത് 100 കിലോമീറ്ററിലധികം ദൂരമുള്ള ലക്ഷ്യങ്ങളെ തകർക്കാൻ കഴിയുന്ന തരത്തിലാണ് ‘അസ്ത്ര’യുടെ രൂപകല്പന. ചലിക്കുന്ന ലക്ഷ്യങ്ങളെയും പിന്തുടർന്ന് തകർക്കാൻ ‘അസ്ത്ര’യ്ക്കു സാധിക്കും.
ഒഡീഷയിലെ ചാന്ദിപുരിൽ നടത്തിയ പരീക്ഷണം പൂർണമായും വിജയിച്ചതായും മിസൈലിന്റെ എല്ലാ ഉപസംവിധാനങ്ങളും പ്രവർത്തിക്കുന്നതായും പ്രതിരോധവൃത്തങ്ങൾ അറിയിച്ചു. കൂടുതൽ ലക്ഷ്യങ്ങളെ തകർക്കാൻ കഴിയുന്ന തരത്തിലുള്ള നൂതന മാർഗനിർദേശങ്ങൾ, നാവിഗേഷൻ സംവിധാനം തുടങ്ങിയവയെല്ലാം ഡിആർഡിഒ രൂപകല്പന ചെയ്ത ‘അസ്ത്ര’യുടെ പ്രത്യേകതകളാണ്. കാഴ്ചപരിധിക്ക് അപ്പുറത്തുള്ള ലക്ഷ്യത്തിലേക്ക് എത്താൻ സാധിക്കുമെന്നതും ഈ മിസൈലുകളുടെ മറ്റൊരു പ്രത്യേകതയാണ്. ആകാശയുദ്ധങ്ങളിൽ നിർണായകമായ പങ്ക് വഹിക്കാൻ അസ്ത്ര’യ്ക്ക് സാധിക്കും. വ്യോമ പ്രതിരോധ ആയുധങ്ങളിൽ ഇന്ത്യയുടെ ഭാവിയിലെ പ്രധാന ആയുധമായിട്ടാണ് ‘അസ്ത്ര’യെ കണക്കാക്കുന്നത്.
Source link