ആശമാർക്ക് കണ്ണീർ പൊങ്കാല

തിരുവനന്തപുരം: ആദ്യമായാണ് ഉദിയൻകുളങ്ങര സ്വദേശി ലെബ്സി ഭായി (59) ഇന്നലെ ആറ്റുകാലമ്മയ‌്ക്ക് പൊങ്കാലയിട്ടത്. എന്നാലതിന്റെ സന്തോഷമൊന്നും അവർക്കുണ്ടായിരുന്നില്ല. 32 ദിനരാത്രങ്ങളായി സമരം നടത്തുന്ന സെക്രട്ടേറിയറ്റ് നടയിലാണ് ലെബ്സിയുൾപ്പെടെയുള്ള നൂറോളം ആശമാർ പൊങ്കാലയിട്ടത്.
‘എല്ലാം സഹിച്ചവളാണ് കണ്ണകി ദേവി… ആ അമ്മ ഞങ്ങളുടെ അതിജീവനസമരം കാണാതിരിക്കില്ല”- ആശമാർ കേരളകൗമുദിയോട് പറഞ്ഞു. പിണറായി സർക്കാരിന്റെ കണ്ണുതുറക്കാനായാണ് ഭരണസിരാകേന്ദ്രത്തിന് മുന്നിൽ പ്രതിഷേധ പൊങ്കാലയിട്ടതെന്നും അവർ പറഞ്ഞു.
ഒടിഞ്ഞ കൈയുമായാണ് വെമ്പായം സ്വദേശിയായ ആശാവർക്കർ ബിന്ദു പൊങ്കാലയിട്ടത്. ജനുവരിയിൽ ലെപ്രസി സർവേ എടുത്ത് മടങ്ങുന്നതിനിടെ തേങ്ങവീണാണ് കൈയൊടിഞ്ഞത്. മറ്റ് ആശമാരുടെ സഹായത്തോടെയാണ് ബിന്ദു പൊങ്കാലയിട്ടത്. വീട്ടിലായിരുന്നെങ്കിൽ ഈ അവസ്ഥയിൽ പൊങ്കാലയിടാൻ സമ്മതിക്കില്ലായിരുന്നെന്ന് ബിന്ദു പറഞ്ഞു.
സുരേഷ്ഗോപി വീണ്ടും സമരപ്പന്തലിൽ
കഴിഞ്ഞദിവസം കേന്ദ്രമന്ത്രി സുരേഷ്ഗോപിയുടെ നിർദ്ദേശപ്രകാരം ബി.ജെ.പി പ്രവർത്തകർ ആശമാർക്ക് നൂറു പൊങ്കാലക്കിറ്റുകൾ എത്തിച്ചിരുന്നു. പൊങ്കാലയ്‌ക്കിടെ സുരേഷ്ഗോപി ആശമാരെ സന്ദർശിച്ചു. കണ്ണകിയുടെ കാൽച്ചുവട്ടിൽ വയ്ക്കുന്ന പ്രാർത്ഥനയാണ് പൊങ്കാലയെന്നും യുവതയെ തകർക്കുന്നവർക്കെതിരെയുള്ള പ്രതിരോധമാണിതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനം തയ്യാറായാൽ കേന്ദ്രത്തിൽ വിഷയം ഉന്നയിക്കുമെന്നും ഇതിൽ രാഷ്ട്രീയം കളിക്കരുതെന്നും മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സംസ്ഥാന സർക്കാർ ആശമാരുടെ ജാതകം പരിശോധിക്കുകയാണെന്നും കേന്ദ്രത്തെ കുറ്റംപറയുന്നത് മാത്രമാണ് അവരുടെ ജോലിയെന്നും സമരപ്പന്തലിലെത്തിയ കെ.കെ. രമ എം.എൽ.എ പറഞ്ഞു. എൻ.കെ. പ്രേമചന്ദ്രൻ എം.പി, മുൻമന്ത്രി വി.എസ്. ശിവകുമാറും ആശമാരെ കാണാനെത്തി.
Source link