ഡിസിസി അധ്യക്ഷരുടെ വിശാല യോഗം ചേരാൻ കോൺഗ്രസ്

ന്യൂഡൽഹി ∙ സംഘടനാപരിഷ്കാരം ലക്ഷ്യമിടുന്ന കോൺഗ്രസ്, ഒന്നരപതിറ്റാണ്ടിലേറെ നീണ്ട ഇടവേളയ്ക്കു ശേഷം ജില്ലാ കോൺഗ്രസ് കമ്മിറ്റി (ഡിസിസി) അധ്യക്ഷരുടെ ദേശീയ സമ്മേളനം വിളിക്കുന്നു. ഡിസിസികളുടെ ശാക്തീകരണത്തിനുള്ള നടപടികളിലേക്കു കടന്നിട്ടില്ലെങ്കിലും ആദ്യപടിയെന്ന നിലയിൽ 788 ഡിസിസി അധ്യക്ഷരുടെ സമ്പൂർണ യോഗം വിളിക്കാനാണു തീരുമാനം. ഏപ്രിൽ 8, 9 തീയതികളിൽ അഹമ്മദാബാദിൽ നടക്കുന്ന എഐസിസി സമ്മേളനത്തിനു മുന്നോടിയായി ഡിസിസി പ്രസിഡന്റുമാരുടെ യോഗം ഡൽഹിയിൽ നടത്താനായിരുന്നു ആദ്യ ആലോചന. എന്നാൽ, പല സംസ്ഥാനങ്ങളിലും ഡിസിസി അഴിച്ചുപണി ബാക്കി നിൽക്കുന്നതിനാൽ യോഗം എഐസിസി സമ്മേളനത്തിനു ശേഷമേ നടക്കാനിടയുള്ളൂ.കഴിഞ്ഞ പ്രവർത്തക സമിതിയിലും ജനറൽ സെക്രട്ടറിമാരുടെ യോഗത്തിലും ഡിസിസി പ്രസിഡന്റുമാർക്ക് പാർട്ടിയിൽ കൂടുതൽ അധികാരം നൽകണമെന്ന അഭിപ്രായം ഉയർന്നിരുന്നു. താഴെത്തട്ടിൽ പാർട്ടിയെ ചലിപ്പിക്കാനും പ്രവർത്തകരുടെ വികാരം ശരിയായി നേതൃത്വത്തിനു കൈമാറാനും ഡിസിസി അധ്യക്ഷകർക്കാണു കഴിയുകയെന്ന ബോധ്യം നേതൃത്വത്തിനുണ്ട്.ഒടുവിൽ നടന്നത് 2009 ൽ ഒന്നാം യുപിഎ സർക്കാരിന്റെ കാലാവധി ഏതാണ്ട് അവസാനിക്കുന്ന ഘട്ടത്തിലാണ് ഡിസിസി പ്രസിഡന്റുമാരുടെ ദേശീയ കൺവൻഷൻ ഒടുവിൽ നടന്നത്. 2009 ഫെബ്രുവരിയിൽ നടന്ന സമ്മേളനത്തിൽ ഡിസിസി പ്രസിഡന്റുമാർക്കൊപ്പം ബ്ലോക്ക് പ്രസിഡന്റുമാരും പങ്കെടുത്തു. നേരത്തേ രാജീവ് ഗാന്ധിയുടെ കാലത്ത് ഡിസിസി പ്രസിഡന്റുമാരുടെ സമ്പൂർണ യോഗം നിശ്ചിത ഇടവേളകളിൽ നടന്നിരുന്നു.
Source link