ഡൽഹിയിൽ ബ്രിട്ടീഷ് യുവതിക്കു പീഡനം: രണ്ടുപേർ അറസ്റ്റിൽ

ന്യൂഡൽഹി: കർണാടകയിലെ ഹംപിക്കടുത്ത് ഇസ്രേലി വിനോദസഞ്ചാരിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്തതിന്റെ നടുക്കം വിട്ടുമാറുംമുന്‍പ് തലസ്ഥാനനഗരിയിലും വിദേശ യുവതിക്കുനേരെ ലൈംഗിക അതിക്രമം. ലണ്ടനിൽനിന്നുള്ള യുവതിയാണ് വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ മഹിപാൽപുരിൽ പീഡനത്തിനിരയായത്. മഹിപാൽപുരിലെ ഹോട്ടലിൽ കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. സമൂഹമാധ്യമം വഴി പരിചയത്തിലായ യുവാവ് പീഡിപ്പിച്ചതിനെത്തുടർന്ന് പരാതിപ്പെടുന്നതിനായി റിസപ്ഷനിലേക്കു പോകവെ ഹൗസ് കീപ്പിംഗ് സ്റ്റാഫായി ജോലി ചെയ്യുന്ന മറ്റൊരാൾ ഹോട്ടലിലെ ലിഫ്റ്റിൽവച്ച് ലൈംഗികാതിക്രമം നടത്തിയെന്നും വസന്ത് കുഞ്ച് പോലീസ് സ്റ്റേഷനിലെത്തി യുവതി നൽകിയ പരാതിയിലുണ്ട്.
സംഭവത്തിൽ ഡൽഹി സ്വദേശികളായ കൈലാഷ്, വസീം എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പ്രതികൾ തമ്മിൽ ബന്ധമില്ലെന്നും പോലീസ് അറിയിച്ചു. ബ്രിട്ടീഷ് ഹൈക്കമ്മീഷനെ വിവരം അറിയിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളിൽ സന്ദര്‍ശനം നടത്തിയതിനുശേഷമാണ് തന്നെ കാണാന്‍ യുവതി കൈലാഷിനെ ക്ഷണിക്കുന്നത്.
Source link