സ്റ്റീൽ കമ്പനിയുടെ 16.52 കോടി സ്വത്ത് കണ്ടുകെട്ടി

കൊച്ചി: വായ്‌പാ തട്ടിപ്പു കേസിൽ പാലക്കാട്ടെ സുരഭി സ്റ്റീൽസ് പ്രൈവറ്റ് ലിമിറ്റഡിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും 16.52 കോടിയുടെ സ്വത്തുക്കൾ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് കണ്ടുകെട്ടി. കേരളത്തിലെയും തമിഴ്നാട്ടിലെയും ഭൂമിയും കെട്ടിടങ്ങളുമുൾപ്പെടെ 17 സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.

ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ കോയമ്പത്തൂർ ശാഖയിൽ നിന്ന് സുരഭി സ്റ്റീൽസ് ഡയറക്ടറും കൊച്ചി സ്വദേശിയുമായ കെ.എസ്. കാദർപിള്ള മൂന്നു സ്ഥാപനങ്ങളുടെ പേരിൽ വൻതുക വായ്പയെടുത്തിരുന്നു. എന്നാൽ തിരിച്ചടയ്‌ക്കാതെ ബാങ്കിന് 37.74 കോടിയുടെ നഷ്‌ടമുണ്ടാക്കിയെന്നാണ് കേസ്. സി.ബി.ഐ അന്വേഷണത്തിന് പിന്നാലെയാണ് ഇ.ഡി കേസെടുത്തത്. പണമിടപാടുകൾ സംബന്ധിച്ച വ്യാജരേഖകളുണ്ടാക്കിയെന്നും വായ്പയായി ലഭിച്ച തുക കാദർപിള്ളയും കുടുംബവും വകമാറ്റിയെന്നും ഇ.ഡി കണ്ടെത്തി. തുടർന്നാണ് സ്വത്ത് കണ്ടുകെട്ടിയത്.


Source link
Exit mobile version