ഇത് കേരളത്തിന്റെ വനിത ദിനം

തിരുവനന്തപുരം: ‘ഇതാണ് ശരിക്കുള്ള വനിത ദിനം. ലക്ഷക്കണക്കിന് ഭക്തർ ഒന്നിക്കുന്ന ആറ്റുകാൽ പൊങ്കാല” ഹോട്ടൽ സൗത്ത് പാർക്കിന് മുന്നിൽ പൊങ്കാലയിടാനെത്തിയ നടി രാധ കേരള കൗമുദിയോട് പറഞ്ഞു. പത്തുവർഷമായി തുടർച്ചയായി പൊങ്കാലയിടുന്നു. മക്കളായ കാർത്തികയ്‌ക്കും തുളസിക്കുമൊപ്പമാണ് രാധയെത്തിയത്. മോഹൻദാസ് ഗ്രൂപ്പ് ഒഫ് കമ്പനീസ് ഡയറക്ടർ റാണി മോഹൻദാസും അടുത്തുണ്ടായിരുന്നു.
ക്ഷേത്രത്തിനടുത്തുള്ള ഹോട്ടൽ ഗൗരീവന്ദനത്തിലാണ് നടി ചിപ്പി പൊങ്കാലയിട്ടത്ത്. ഇതിനിടെ പൊങ്കാലയിടാനെത്തിയ മറ്റുഭക്തർ ചിപ്പിയെ കാണാൻ തിരക്കുകൂട്ടി. മോഹൻലാൽ നായകനായി ഭർത്താവ് രഞ്ജിത്ത് നിർമ്മിക്കുന്ന ‘തുടരും” എന്ന ചിത്രത്തിന്റെ വിജയത്തിനായാണ് ചിപ്പി പൊങ്കാലയർപ്പിച്ചത്. സുഹൃത്തും നടിയുമായ ജലജയും ഒപ്പമുണ്ടായിരുന്നു.
സിനിമാ-സീരിയൽ താരങ്ങളായ സീമ ജി. നായർ, അമൃത, വീണ നായർ, സ്റ്റെഫി, റെബേക്ക, സുധ നായർ, ജോഷ്‌ന, പാർവതി, അനുമോൾ, വിന്ദുജ മേനോൻ, മകൾ നേഹ, മഞ്ചു പത്രോസ്, പിന്നണിഗായിക രാജലക്ഷ്മി, മുൻ ഡി.ജി.പി ലോകനാഥ് ബെഹ്റയുടെ ഭാര്യ മധുമിത ബെഹ്റ തുടങ്ങിയവരും പൊങ്കാലയിട്ടു.
വീട്ടിൽ പൊങ്കാലയിട്ട് രാധിക
ശാസ്തമംഗലത്തെ വീട്ടിൽ ഭർത്താവും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്കൊപ്പമാണ് രാധിക പൊങ്കാലയിട്ടത്. ഭർത്താവ് ഷാജി കൈലാസിനൊപ്പം കുറവൻകോണത്തെ വീട്ടിലാണ് നടി ആനി പൊങ്കാലയിട്ടത്. ഭീഷണിപ്പെടുത്തിയാണ് ഭർത്താവിനെ ഒപ്പം കൂട്ടിയതെന്ന് ആനി പറഞ്ഞു. തന്റെ അമ്മ സ്ഥിരമായി പൊങ്കാലയിട്ടിരുന്നെന്നും അത് ആനിയിലേക്ക് കൈമാറിയെന്നും ഷാജികൈലാസ് പറഞ്ഞു. മകൻ കാളിദാസിന്റെ ഭാര്യ താരിണിക്കൊപ്പമാണ് നടി പാർവതി തൈക്കാടുള്ള എം.ജി. രാധാകൃഷ്ണന്റെ വീട്ടിന് മുന്നിൽ പൊങ്കാലയിട്ടത്. കഴിഞ്ഞതവണ പൊങ്കാലയിടാൻ പറ്റിയില്ലെന്നും പുതിയ അതിഥികൾ വന്നശേഷമുള്ള പൊങ്കാല മക്കൾക്ക് വേണ്ടിയാണെന്നും പാർവതി പറഞ്ഞു. താരിണിയുടെ ആദ്യത്തെ പൊങ്കാലയാണിത്.
കളക്ടറുടെ കന്നിപ്പൊങ്കാല
ക്ഷേത്രത്തിന്റെ കിഴക്കേഭാഗത്ത് ജില്ലാ കളക്ടർ അനുകുമാരി കന്നി പൊങ്കാലയിട്ടു. ലോകത്ത് ഇത്രയും അപൂർവമായൊരു ഉത്സവമില്ലെന്നും ചൂടും പുകയുമൊക്കെ അതിന്റെ ഭാഗമാണെന്നും കളക്ടർ പറഞ്ഞു. പാൽക്കുളങ്ങരയിലെ വീട്ടിലാണ് വിഴിഞ്ഞം സീപോർട്ട് എം.ഡി ദിവ്യ എസ്.അയ്യർ പൊങ്കാലയിട്ടത്. പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ മകൾ ഉണ്ണിമായ, മുൻ മന്ത്രി വി.എസ്. ശിവകുമാറിന്റെ ഭാര്യ സിന്ധു തുടങ്ങിയവരും പൊങ്കാലയിട്ടു.
Source link