KERALAM

ബംഗളൂരുവിൽ മലയാളി യുവാവിന്റെ മരണം; അസ്വാഭാവികതയെന്ന് ബന്ധുക്കൾ

തൊടുപുഴ: മലയാളി യുവാവ് ബംഗളൂരുവിൽ മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് ആരോപിച്ച് ബന്ധുക്കളും സുഹൃത്തുക്കളും. തൊടുപുഴ ചിറ്റൂർ പുത്തൻപുരയിൽ വീട്ടിൽ ബേബി-മേരിക്കുട്ടി ദമ്പതികളുടെ മകൻ ലിബിൻ ബേബിയാണ് (32) കഴിഞ്ഞ ദിവസം മരിച്ചത്.

തലയ്‌ക്ക് പരിക്കേറ്റ നിലയിൽ കഴിഞ്ഞ ശനിയാഴ്ചയാണ് കൂടെ താമസിച്ചിരുന്നവർ ലിബിനെ ബംഗളുരൂ നിംഹാൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുളിമുറിയിൽ വീണ് പരിക്കേറ്റതെന്നാണ് ഇവർ വീട്ടുകാരെ അറിയിച്ചത്. തലയ്ക്കേറ്റ ക്ഷതം ഗുരുതരമായതിനാൽ യുവാവിനെ അത്യാഹിതവിഭാഗത്തിലും തുടർന്ന് വെന്റിലേറ്ററിലും പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച മസ്‌തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു.

ബംഗളൂരു ഇലക്ട്രോണിക് സിറ്റിയിൽ കൺസൾട്ടൻസി സ്ഥാപനത്തിൽ ജോലി ചെയ്‌തിരുന്ന ലിബിൻ മലയാളികളായ മൂന്ന് സുഹൃത്തുക്കൾക്കൊപ്പം ഇതിനടുത്തായാണ് റൂമെടുത്ത് താമസിച്ചിരുന്നത്. അപകട വിവരമറിഞ്ഞതോടെ സഹോദരി ലിറ്റിയും അടുത്ത ബന്ധുക്കളും അവിടെ എത്തിയിരുന്നു. കൂടെ താമസിച്ചിരുന്നവർ പലപ്പോഴും പരസ്‌പര വിരുദ്ധമായി സംസാരിച്ചിരുന്നുവെന്നും തലയിലെ മുറിവ് കുളിമുറിയിൽ വീണപ്പോൾ സംഭവിച്ചത് പോലെയല്ലെന്ന് ഡോക്ടർ പറഞ്ഞതായും സഹോദരിയും സുഹൃത്തുക്കളും ആരോപിച്ചു.
ഹെബ്ബ ഗുഡി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം നാട്ടിലെത്തിച്ച ശേഷം തൊടുപുഴ ചുങ്കം തെനംകുന്നു പള്ളിയിൽ സംസ്‌കരിച്ചു.

അവയവങ്ങൾ ദാനം ചെയ്‌തു

ബന്ധുക്കളുടെ സമ്മതപ്രകാരം ലിബിന്റെ ഹൃദയം,വൃക്ക,കണ്ണ് ഉൾപ്പെടെയുള്ള എട്ട് അവയവങ്ങൾ

എട്ടുപേർക്കായി ദാനം ചെയ്‌തു. ആറുവയസുള്ള പെൺകുട്ടിക്കാണ് ഹൃദയം നൽകിയത്.


Source link

Related Articles

Back to top button