INDIA

കുക്കി സംഘടനകൾ‌ ഹിതപരിശോധനയ്ക്ക്; ദേശീയപാത ഉപരോധവും അനിശ്ചിതകാല അടച്ചിടലും പിൻവലിച്ചു


കൊൽക്കത്ത ∙ കേന്ദ്ര ഭരണപ്രദേശം വേണമെന്ന ആവശ്യത്തോടു കേന്ദ്രം വിമുഖത പ്രകടിപ്പിച്ചതോടെ കുക്കി സംഘടനകൾ ഹിതപരിശോധനയ്ക്കൊരുങ്ങുന്നു. മണിപ്പുരിൽനിന്നു വിട്ടുമാറി സ്വന്തം ഭരണപ്രദേശമെന്ന ആവശ്യം ശക്തമാക്കാനാണ് കുക്കികൾ തയാറെടുക്കുന്നത്. അവസാന തീരുമാനമായിട്ടില്ലെങ്കിലും ഹിതപരിശോധന വൈകാതെ നടക്കുമെന്ന് മുതിർന്ന നേതാക്കൾ പറഞ്ഞു.വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കായുള്ള, കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രത്യേക ഉപദേഷ്ടാവ് എ.കെ.മിശ്രയുടെ നേതൃത്വത്തിൽ കുക്കി-മെയ്തെയ് സംഘടനകളുമായി വെവ്വേറെ ചർച്ച നടത്തിയിരുന്നു. 5 ദിവസമായി തുടരുന്ന ദേശീയപാത ഉപരോധവും അനിശ്ചിതകാല അടച്ചിടലും കുക്കി സംഘടനകൾ ഇന്നലെ പിൻവലിച്ചു. എന്നാൽ, മെയ്തെയ് വിഭാഗക്കാർക്കു സ്വതന്ത്ര സഞ്ചാരം അനുവദിക്കില്ലെന്ന് ആവർത്തിച്ചിട്ടുണ്ട്. കാങ്പോക്പി ജില്ലയിൽ കുക്കി വനിതകൾ ഉപരോധം തുടർന്നതിനാൽ നാഗാലാൻഡിൽനിന്നും അസമിൽനിന്നും മണിപ്പുരിലേക്കുള്ള ചരക്കുനീക്കവും ഗതാഗതവും സ്തംഭിച്ചിരുന്നു.കുക്കികൾ ഉപരോധം പിൻവലിച്ചില്ലെങ്കിൽ ഇടപെടേണ്ടിവരുമെന്നു നാഗാസംഘടനകൾ കഴിഞ്ഞ ദിവസം മുന്നറിയിപ്പു നൽകിയിരുന്നു. മണിപ്പുരിൽ സ്വതന്ത്രസഞ്ചാരം ഉറപ്പുവരുത്തണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായു‌ടെ ഉത്തരവ് നടപ്പാക്കാനുള്ള ശ്രമമാണ് സമരത്തിനു കാരണമായത്. കേന്ദ്ര സേനയുടെ അകമ്പടിയോടെ കുക്കി മേഖലയിലൂടെ ബസ് സർവീസ് നടത്താനുള്ള ശ്രമം വനിതകൾ ഉൾപ്പെടെയുള്ളവർ തടഞ്ഞു. തുടർന്ന് കേന്ദ്ര സേന നടത്തിയ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെടുകയും അൻപതിലേറെപ്പേർക്ക് പരുക്കേൽക്കുകയും ചെയ്തു.


Source link

Related Articles

Back to top button