KERALAM

ഗൃഹനാഥനെ സഹോദരി ഭർത്താവ് വെട്ടിക്കൊന്നു

വർക്കല: കുടുംബപ്രശ്നത്തെ തുടർന്ന് ഗൃഹനാഥനെ സഹോദരി ഭർത്താവ് വെട്ടിക്കൊന്നു. വർക്കല കരുനിലക്കോട് കുഴിവിളാകം ക്ഷേത്രത്തിന് സമീപം അഞ്ചുവരമ്പ് വിള വീട്ടിൽ സുനിൽദത്താണ് (സന്തോഷ്-55) മരിച്ചത്. സംഭവശേഷം പ്രതി വട്ടിയൂർക്കാവ് സ്വദേശി ഷാനി (51) ഓടി രക്ഷപ്പെട്ടു. ആക്രമണം തടയാൻ ശ്രമിച്ച സുനിൽദത്തിന്റെ സഹോദരിയും ഷാനിയുടെ ഭാര്യയുമായ ഉഷയുടെ (50) തലയ്‌ക്ക് വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേസിൽ ഷാനിയുടെ സുഹൃത്ത് വട്ടിയൂർക്കാവ് സ്വദേശി മനുവിനെ വർക്കല പൊലീസ് പിടികൂടി.

ഇന്നലെ വൈകിട്ട് അഞ്ചിനായിരുന്നു സംഭവം. ഷാനിയുമായി പിണങ്ങിയ ഉഷ സുനിൽദത്തിനൊപ്പം കുടുംബ വീട്ടിലാണ് രണ്ടുവർഷമായി താമസിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ടയർ പഞ്ചറൊട്ടിപ്പ് തൊഴിലാളിയായ സുനിൽദത്തും കുടുബവുമായി അകന്ന് കഴിയുകയായിരുന്നു. രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് ഷാനി ഇന്നലെ വൈകിട്ട് സുനിൽദത്തിന്റെ വീട്ടിലെത്തിയത്. തുടർന്ന് സുനിൽദത്തിനെയും ഉഷയെയും ആക്രമിച്ചു.

നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആദ്യം പാരിപ്പള്ളി മെഡിക്കൽ കോളേജിലെത്തിച്ചത്. എന്നാൽ കഴുത്തിനും കാലുകൾക്കും ഗുരുതരമായി പരിക്കേറ്റ സുനിൽദത്ത് മരിച്ചു. മറ്റുപ്രതികൾക്കായി വർക്കല പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി. ഇവർ തമ്മിൽ സാമ്പത്തികപ്രശ്നങ്ങളും നിലനിന്നിരുന്നതായി നാട്ടുകാർ പറയുന്നു.


Source link

Related Articles

Back to top button