അനധികൃത ബോർഡ് വിഷയത്തിൽ ഹൈക്കോടതി:….. ദൃശ്യമലിനീകരണം ടൂറിസത്തിന് തടസം

കൊച്ചി: ടൂറിസം വികസനത്തിന് ദൃശ്യ മലിനീകരണം തടസമാണെന്ന് ഹൈക്കോടതി. പൊതുസ്ഥലങ്ങളിലെ അനധികൃത ബോർഡുകളും ബാനറുകളും നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി പ്രഖ്യാപിച്ചു. ഇതിനെതിരെ കർശന നിയമ നടപടിയും പിഴയും തുടരണം. അല്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉത്തരവാദികളാകുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. നവകേരളം സൃഷ്ടിച്ച് സംസ്ഥാനത്തെ ദൈവത്തിന്റെ സ്വന്തം നാടായി നിലനിറുത്താൻ ഇത് അനിവാര്യമാണ്.
ദൃശ്യ മലിനീകരണത്തിന് പ്രാധാന കാരണക്കാർ രാഷ്ട്രീയ പാർട്ടികളാണ്. നാടിന്റെ സൗന്ദര്യവും സുരക്ഷയും കണക്കിലെടുക്കാതെ മുക്കിലും മൂലയിലും ബോർഡുകളും കൊടിതോരണങ്ങളും വയ്ക്കുകയാണ്. നിയമ ലംഘകർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണം. പൊതു ഇടങ്ങളിലെ അനധികൃത ബോർഡുകൾക്കും കൊടിതോരണങ്ങൾക്കുമെതിരായ ഹർജികളിലാണ് ഉത്തരവ്. വിഷയം ഏപ്രിൽ 12ന് വീണ്ടും പരിഗണിക്കും.
അനധികൃത ബോർഡുകൾക്കെതിരെ പരാതിപ്പെടാനുള്ള ഓൺലൈൻ സംവിധാനത്തെക്കുറിച്ച് തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അന്നറിയിക്കണം. റോഡ് സുരക്ഷ അതോറിട്ടിയും റിപ്പോർട്ട് ഫയൽ ചെയ്യണം. സർക്കാരും സ്വീകരിച്ച നടപടികളുമറിയിക്കണം. പുരോഗതി റിപ്പോർട്ട് നൽകാൻ അഡ്വ. ജേക്കബ് മാത്യുവിനെ അമിക്കസ് ക്യൂറിയായി നിയമിച്ചു. ഇടക്കാല ഉത്തരവ് നടപ്പാക്കാൻ നടപടിയെടുത്ത സർക്കാരിനെ കോടതി അഭിനന്ദിച്ചു.
ഒരോ നിയമലംഘനത്തിനും പിഴ
അനധികൃത ബോർഡുകളടക്കം തദ്ദേശ സ്ഥാപനങ്ങൾ നീക്കണം
അനധികൃത ബോർഡ് വയ്‌ക്കുന്ന പരസ്യ ഏജൻസികൾക്കെതിരെ നടപടി വേണം
സർക്കുലർ നടപ്പാക്കുന്നുണ്ടെന്ന് ഡി.ജി.പി ഉറപ്പാക്കണം
പാലിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം
തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ തദ്ദേശ സ്ഥാപന സെക്രട്ടറിമാരിൽ നിന്ന് ഒരോ മാസവും റിപ്പോർട്ട് തേടണം.
തിരഞ്ഞെടുപ്പിൽ നിർദ്ദേശങ്ങൾ ലംഘിക്കുന്നില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഉറപ്പാക്കണം
പെരുമാറ്റച്ചട്ടത്തിലും ഉത്തരവിലെ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തണം.
റോഡ് സുരക്ഷാ അതോറിട്ടിയും നിർദ്ദേശം നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
Source link