ലണ്ടൻ/മാഡ്രിഡ്: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ 2024-25 സീസണ് ക്വാർട്ടർ ഫൈനൽ ലൈനപ്പായി. ഇംഗ്ലീഷ് ക്ലബ് ആഴ്സണലും സ്പാനിഷ് കരുത്തരായ റയൽ മാഡ്രിഡും തമ്മിലാണ് ക്വാർട്ടറിലെ ഗ്ലാമർ പോരാട്ടം. പിഎസ് വി ഐന്തോവനെ പ്രീക്വാർട്ടറിൽ ഇരുപാദങ്ങളിലുമായി 9-3നു കീഴടക്കിയാണ് ആഴ്സണൽ ക്വാർട്ടറിൽ പ്രവേശിച്ചത്. ആദ്യപാദത്തിൽ ഗണ്ണേഴ്സ് 7-1നു ജയിച്ചിരുന്നു. ഫ്രഞ്ച് ക്ലബ് ലില്ലയെ ഇരുപാദങ്ങളിലുമായി 3-2നു കീഴടക്കിയ ജർമൻ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടാണ് എഫ്സി ബാഴ്സലോണയുടെ ക്വാർട്ടർ എതിരാളി. ക്ലബ് ബ്രൂഗിനെ ഇരുപാദങ്ങളിലുമായി 6-1നു കീഴടക്കിയ ഇംഗ്ലീഷ് ടീമായ ആസ്റ്റണ്‍ വില്ലയും ക്വാർട്ടറിൽ പ്രവേശിച്ചു.
ലിവർപൂളിനെ മറികടന്നെത്തിയ പിഎസ്ജിയാണ് ക്വാർട്ടറിൽ ആസ്റ്റണ്‍ വില്ലയുടെ എതിരാളികൾ. ബയേണ്‍ മ്യൂണിക്കും ഇന്റർ മിലാനും തമ്മിലാണ് മറ്റൊരു ക്വാർട്ടർ. ഏപ്രിൽ ഒന്‍പത്, പത്ത് തീയതികളിലാണ് ആദ്യപാദ ക്വാർട്ടർ പോരാട്ടങ്ങൾ അരങ്ങേറുക. വില്ല വിപ്ലവം യുവേഫ ചാന്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കുന്ന ഒന്‍പതാമത് ഇംഗ്ലീഷ് ടീമാണ് ആസ്റ്റണ്‍ വില്ല. ഈ സീസണിൽ കളിച്ച 10 മത്സരങ്ങളിൽ ഏഴിലും വില്ലക്കാർ ജയിച്ചു. പകരക്കാരനായി ഇറങ്ങിയ മാർക്കോ അസെൻസിയോ (50’, 61’) നേടിയ ഇരട്ടഗോൾ ബലത്തിലായിരുന്നു ആസ്റ്റണ്‍ വില്ല പ്രീക്വാർട്ടറിന്റെ രണ്ടാം പാദത്തിൽ 3-0ന്റെ ഹോം ജയം സ്വന്തമാക്കിയത്.
Source link