യുഎസ് സംഘം മോസ്കോയിൽ; കുർസ്കിൽ റഷ്യൻ മുന്നേറ്റം

മോസ്കോ: വെടിനിർത്തൽ ചർച്ചകൾക്കായി അമേരിക്കൻ പ്രതിനിധികൾ മോസ്കോയിലെത്തവേ, യുക്രെയ്ൻ സേനയിൽനിന്നു കുർസ്ക് പ്രദേശം പൂർണമായി വീണ്ടെടുക്കാനുള്ള നടപടികൾ റഷ്യ ശക്തമാക്കി. പ്രസിഡന്റ് പുടിൻ കുർസ്ക് സന്ദർശിക്കുന്ന വീഡിയോ റഷ്യൻ പ്രതിരോധമന്ത്രാലയം പുറത്തുവിട്ടു. യുഎസ് പ്രസിഡന്റ് ട്രംപിന്റെ പശ്ചിമേഷ്യാ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മോസ്കോയിലെത്തിയിരിക്കുന്നത്. വിറ്റ്കോഫ് പുടിനുമായി ചർച്ച നടത്തും. യുഎസും യുക്രെയ്നും സൗദിയിൽ നടത്തിയ ചർച്ചയിൽ സമ്മതിച്ച 30 ദിവസത്തെ താത്കാലിക വെടിനിർത്തൽ പദ്ധതിയുടെ വിശദാംശങ്ങൾ യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്സ് റഷ്യൻ പ്രതിധികളെ അറിയിച്ചിരുന്നു. അതേസമയം, വ്യക്തമായ ഉറപ്പുകൾ ലഭിച്ചാലേ പുടിൻ വെടിനിർത്തലിനു സമ്മതിക്കൂ എന്ന് റഷ്യൻ വൃത്തങ്ങൾ സൂചിപ്പിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. പുടിൻ പുതിയ ഡിമാൻഡുകൾ ഉന്നയിക്കാനും സാധ്യതയുണ്ട്. ഇതിനിടെ, പുടിന്റെ വിദേശനയ ഉപദേഷ്ടാവ് യൂറി ഉഷക്കോവ് ഇന്നലെ താത്കാലിക വെടിനിർത്തലിനെ എതിർത്തു സംസാരിച്ചതു ചർച്ചയ്ക്കുമേൽ കരിനിഴലായിട്ടുണ്ട്. താത്കാലിക വെടിനിർത്തൽ യുക്രെയ്നു സൈനികശേഷി വീണ്ടെടുക്കാൻ അവസരം നല്കുമെന്നും ദീർഘകാല വെടിനിർത്തലാണു വേണ്ടതെന്നുമാണ് ഉഷക്കോവ് അഭിപ്രായപ്പെട്ടത്.
വെടിനിർത്തൽ പദ്ധതി റഷ്യ അംഗീകരിക്കുമെന്നു പ്രതീക്ഷിക്കുന്നതായി യുഎസ് പ്രസിഡന്റ് ട്രംപ് ബുധനാഴ്ച പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പുടിൻ കുർസ്ക് സന്ദർശിക്കുന്ന വീഡിയോ റഷ്യൻ പ്രതിരോധമന്ത്രാലയം പുറത്തുവിട്ടത്. പട്ടാളവേഷം ധരിച്ച പുടിൻ സൈനികരുമായി കൂടിക്കാഴ്ച നടത്തുകയും യുക്രെയ്ൻ സേനയെ തുരത്തി കുർസ്ക് പ്രദേശം മുഴുവനായി വീണ്ടെടുക്കാൻ നിർദേശം നല്കുകയും ചെയ്തു. മുൻ കെജിബി ഏജന്റായ പുടിൻ പട്ടാളവേഷം ധരിക്കുന്നത് അപൂർവമാണ്. യുക്രെയ്ൻ സേന കഴിഞ്ഞവർഷം ഓഗസ്റ്റിൽ പടിഞ്ഞാറൻ റഷ്യയിലെ കുർസ്കിൽ കയറി 1300 ചതുരശ്ര കിലോമീറ്റർ പ്രദേശമാണു പിടിച്ചെടുത്തത്. റഷ്യ കൈയേറിയ യുക്രെയ്ൻ പ്രദേശങ്ങൾ തിരിച്ചു ചോദിക്കാനുള്ള ബാർഗെയിൻ ചിപ്പായിട്ടാണ് കുർസ്കിനെ കീവ് ഭരണകൂടം കണ്ടിരുന്നത്. എന്നാൽ, റഷ്യ ഘട്ടംഘട്ടമായി കുർസ്ക് വീണ്ടെടുത്തുകൊണ്ടിരിക്കുകയാണ്. അടുത്തിടെ മിന്നലാക്രമണം നടത്തിയ റഷ്യൻ സേന യുക്രെയ്ൻസേനയെ വളഞ്ഞുവെന്നാണു റിപ്പോർട്ട്. കുർസ്കിലെ പ്രധാന നഗരമായ സുദ്ഷയുടെ നിയന്ത്രണം റഷ്യൻ സേന തിരിച്ചുപിടിച്ചു. 200 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് ഇപ്പോൾ യുക്രെയ്ൻ സേനയുടെ നിയന്ത്രണത്തിലുള്ളത്.
Source link