തുഷാർ ഗാന്ധിയെ തടഞ്ഞ സംഭവം: ബി ജെ പി കൗൺസിലർ ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ

തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ ഗാന്ധിജിയുടെ ചെറുമകൻ തുഷാർ ഗാന്ധിയെ തടഞ്ഞ സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിൽ. സംഭവത്തിൽ കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചതിന് പിന്നാലെയാണ് നടപടി. നെയ്യാറ്റിൻകര മുനിസിപ്പൽ കൗൺസിലർ കൂട്ടപ്പന മഹേഷ്, ആർ.എസ്.എസ്- ബി.ജെ.പി നേതാക്കളായ സൂരജ്, ഹരികുമാർ, കൃഷ്ണകുമാർ, അനൂപ് എന്നിവരെയാണ് നെയ്യാറ്റിൻകര പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കും.
നെയ്യാറ്റിൻകരയിൽ ഗാന്ധിയൻ പി.ഗോപിനാഥൻ നായരുടെ പ്രതിമ അനാച്ഛാദനം ചെയ്ത ചടങ്ങിൽ ആർ.എസ്.എസിനെതിരേ പരാമർശം നടത്തിയതിനാണ് തുഷാർ ഗാന്ധിയെ തടഞ്ഞുനിറുത്തി ബി.ജെ.പി പ്രതിഷേധിച്ചത്. രാജ്യത്തിന്റെ ആത്മാവായ മതനിരപേക്ഷത തകർക്കാൻ ആർ.എസ്.എസ് ബോധപൂർവം ശ്രമിക്കുന്നെന്നായിരുന്നു തുഷാർ ഗാന്ധിയുടെ പരാമർശം. ആർ.എസ്.എസ് സാർവദേശീയ വിഷമാണെന്നും ഇന്ത്യയെ മതാധിഷ്ഠിത രാജ്യമാക്കി മാറ്റാനാണ് ശ്രമിക്കുന്നതെന്നും ആരോപിച്ചു. തുടർന്ന് അദ്ദേഹം വേദിയിൽ നിന്നിറങ്ങി കാറിൽ കയറുന്നതിനിടെ തടഞ്ഞുനിറുത്തി ബി.ജെ.പി പ്രവർത്തകർ മുദ്രാവാക്യം വിളിക്കുകയായിരുന്നു. പറഞ്ഞതിൽതന്നെ താൻ ഉറച്ചുനിൽക്കുകയാണെന്ന് വ്യക്തമാക്കിയ തുഷാർ ഗാന്ധി, ’മഹാത്മാഗാന്ധി സിന്ദാബാദ്” വിളിച്ചാണ് മടങ്ങിയത്. വഴിതടഞ്ഞത് ആസൂത്രിതമാണെന്ന് കരുതുന്നില്ലെന്നും, ഇക്കാര്യത്തിൽ നിയമ നടപടിക്കില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ ശിവഗിരിയിൽ ശ്രീനാരായണഗുരു- മഹാത്മാഗാന്ധി സമാഗമ ശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്യാൻ സംസ്ഥാനത്ത് അതിഥിയായെത്തിയ തുഷാർ ഗാന്ധിക്കെതിരേയുണ്ടായ സംഭവം ഗൗരവമായെടുത്താണ് മുഖ്യമന്ത്രി കർശന നടപടിയെടുക്കാൻ നിർദ്ദേശം നൽകിയത്.
അതേസമയം തുഷാർ ഗാന്ധിയെ തടഞ്ഞ സംഭവം മതേതര കേരളത്തിന് അപമാനമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പറഞ്ഞു. തുഷാർ ഗാന്ധിക്കെതിരേ പ്രതിഷേധിച്ചിട്ടുണ്ടെങ്കിൽ അത് സ്വാഭാവിക നടപടിയെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ്.സുരേഷ് പ്രതികരിച്ചു. ഇത്തരം മനോരോഗികളെ കൊണ്ടുവന്ന ഗാന്ധിമിത്രം എന്ന സംഘടനയുടെ ഉദ്ദേശ്യശുദ്ധി സംശയകരമാണെന്നും അദ്ദേഹം പറഞ്ഞു.
Source link