ഇത് യുക്രൈന്റെ താത്കാലിക ആശ്വാസത്തിനുവേണ്ടി മാത്രം; യുഎസ്-യുക്രൈന്‍ നിര്‍ദേശങ്ങള്‍ തള്ളി റഷ്യ

മോസ്‌കോ: റഷ്യയും യുക്രൈനും തമ്മിലുള്ള വെടിനിര്‍ത്തലിന് വേണ്ടി യു.എസും യുക്രൈനും ചേര്‍ന്ന് മുന്നോട്ട് വെച്ച നിര്‍ദേശങ്ങളെ വിമര്‍ശിച്ച് റഷ്യ. ഈ നിര്‍ദേശങ്ങള്‍ യുക്രൈന്‍ സൈന്യത്തിന് താത്കാലിക ആശ്വാസം നല്‍കുന്നതിന് വേണ്ടി മാത്രമുള്ളതാണെന്ന് റഷ്യന്‍ ഉന്നത ഉദ്യോഗസ്ഥനും പുതിന്റെ അനുയായിയുമായ യുറി ഉഷാകോവ് പറഞ്ഞു. യു.എസ് ദേശീയ സുരക്ഷാ ഉപദേശകനായ മൈക്ക് വാട്‌സുമായി സംസാരിച്ചതിന് പിന്നാലെയാണ് ഉഷാകോവിന്റെ പ്രതികരണം. യുക്രൈനും യു.എസും മുന്നോട്ടുവെച്ച നിര്‍ദേശങ്ങളില്‍ പുതിന്‍ കൂടുതല്‍ വ്യക്തമായ പ്രതികരണം നടത്തും. റഷ്യയുടെ നിയമപരമായ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന തരത്തിലുള്ള ദീര്‍ഘകാല സമാധാന പരിഹാരത്തിനാണ് റഷ്യ ലക്ഷ്യമിടുന്നതെന്നും അതിനാണ് തങ്ങള്‍ പരിശ്രമിക്കുന്നതെന്നും ഉഷാകോവ് പറഞ്ഞു. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതിന് ആവശ്യമായ പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്നതിന് വ്യാഴാഴ്ച മധ്യസ്ഥരായ യു.എസിന്റെ പ്രതിനിധികള്‍ റഷ്യയിലെത്തിയിട്ടുണ്ട്.
Source link