അപകടത്തിൽ കൈകാലുകൾ ഒടിഞ്ഞു, യുവതി കാറിനുള്ളിൽ കുടുങ്ങിയത് ആറ് ദിവസം; ഒടുവിൽ രക്ഷകനായി വഴിയാത്രക്കാരൻ

വാഷിംഗ്‌ടൺ: സുഹൃത്തിനെ കാണാൻ പോകുന്നതിനിടെ കാർ മറിഞ്ഞ് യുവതിക്ക് സാരമായ പരിക്ക്. കൈകാലുകൾക്കും വാരിയെല്ലിനും ഗുരുതര പരിക്കേറ്റ യുവതി ആറ് ദിവസമാണ് കാറിനുള്ളിൽ കുടുങ്ങിക്കിടന്നത്. ഒടുവിൽ ഒരു വഴിയാത്രക്കാരനാണ് രക്ഷകനായെത്തിയത്. അമേരിക്കയിലെ ഇന്ത്യാന സ്വദേശിയും 41കാരിയുമായ ബ്രിയോണ കാസെലാണ് തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടത്.
യാത്രയ്‌ക്കിടെ ബ്രിയോണ ഉറങ്ങിപ്പോയതാണ് കാർ മറിയാൻ കാരണമായത്. തെന്നിമറിഞ്ഞ കാർ റോഡിന് സമീപത്തെ ഒരു ചെറിയ അരുവിക്ക് സമീപത്താണ് കിടന്നിരുന്നത്. ഗുരുതരമായി പരിക്കേറ്റ് കാറിനുള്ളിൽ കിടന്നിരുന്ന ബ്രിയോണയുടെ നെറ്റിയിൽ വലിയ മുറിവുണ്ടായിരുന്നു. രക്ഷപ്പെടുത്തിയ ഉടൻ അവരെ ചിക്കാഗോയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇത്രയധികം പരിക്കേറ്റ് ആറുദിവസം കുടുങ്ങിക്കിടന്നിട്ടും ബ്രിയോണയ്‌ക്ക് ആശുപത്രിയിലെത്തിച്ചപ്പോൾ ബോധമുണ്ടായിരുന്നുവെന്ന് ഡോക്‌ടർമാർ പറഞ്ഞു. സ്‌ത്രീയെ ശസ്‌ത്രക്രിയയ്‌ക്ക് വിധേയയാക്കുമെന്നും ഡോക്‌ടർമാർ അറിയിച്ചു.
ആരും തന്നെ കണ്ടെത്തുമെന്ന് കരുതിയിരുന്നില്ലെന്നും അവിടെക്കിടന്ന് മരിച്ചുപോവുമെന്നുമാണ് കരുതിയിരുന്നതെന്നും രക്ഷപ്പെട്ടതിന് പിന്നാലെ ബ്രിയോണ പറഞ്ഞു. ഫോണിന്റെ ബാറ്ററിയുടെ ചാര്‍ജ് തീര്‍ന്നുപോയതിനാലാണ് ബ്രിയോണയ്ക്ക് സഹായത്തിനായി ആരെയും വിളിക്കാന്‍ കഴിയാതെ പോയതെന്ന് അവരുടെ പിതാവ് പറഞ്ഞു. തന്റെ സ്വെറ്റര്‍ അരുവിയിലെ വെള്ളത്തില്‍ മുക്കി, ആ വെള്ളം പിഴിഞ്ഞ് കുടിച്ചാണ് ബ്രിയോണ ജീവന്‍ നിലനിര്‍ത്തിയത്.
Source link