തിരുവനന്തപുരം:ധനാഭ്യർത്ഥന ചർച്ചയ്ക്കിടെ തുടർച്ചയായി തർക്കിച്ച പ്രതിപക്ഷത്തെ യുവ അംഗം രാഹുൽമാങ്കൂട്ടത്തിനെതിരെ മന്ത്രി പി.രാജീവ്.ഇത് നിയമസഭയാണെന്നും ചാനൽ ചർച്ചയല്ലെന്നും ചില മര്യാദകളും ചിട്ടകളുമുണ്ടെന്നും മന്ത്രി ഓർമ്മിപ്പിച്ചു. മന്ത്രിമാർ മറുപടി പ്രസംഗം നടത്തുമ്പോൾ ജൂനിയറായ,പുതിയ അംഗങ്ങൾക്ക് വഴങ്ങാറില്ല. എ.പി.അനിൽകുമാറിന് നേരത്തെ വഴങ്ങിയത് അദ്ദേഹം കോൺഗ്രസ് നിയമസഭാകക്ഷി സെക്രട്ടറിയെന്ന നിലയിലാണ്. രാഹുൽ മാങ്കൂട്ടത്തിന് വഴങ്ങിയത് പുതിയ അംഗമാണെന്നും യുവജനപ്രസ്ഥാനത്തിന്റെ നേതാവാണെന്നും പരിഗണിച്ചാണ്. അത് അവസരമാക്കി പരിധിവിട്ട് സംസാരിക്കുന്നത് ശരിയല്ല.
ഈസ് ഓഫ് ഡൂയിംഗിൽ കേരളം ഒന്നാമതാണെന്ന മന്ത്രി രാജീവിന്റെ പ്രസ്താവന ശരിയല്ലെന്ന് വാദിച്ച് രാഹുൽമാങ്കൂട്ടത്തിൽ രംഗത്തെത്തിയതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. ബിസിനസ് സെൻട്രിക്,സിറ്റിസൺ സെൻട്രിക് എന്നീ രണ്ടുവിഭാഗങ്ങളുണ്ടെന്നും അതിൽ സിറ്റിസൺ സെൻട്രികിൽ മാത്രാണ് കേരളം മുന്നിലെത്തിയതെന്നും മാത്യുകുഴൽനാടൻ ചൂണ്ടിക്കാട്ടി.പിന്നലെ രാഹുൽ മാങ്കൂട്ടിൽ ബിസിനസ് സെൻട്രിക് വിഭാഗത്തിൽ കേരളം ഏറെപിന്നിലാണെന്നും പിന്നെങ്ങിനെയാണ് കേരളം ഈസ് ഓഫ് ഡൂയിംഗിൽ മുന്നിലാണെന്ന് പറയുന്നതെന്നും ചോദിച്ചു. എന്നാൽ ഈസ്ഓഫ് ഡൂയിംഗിൽ റേറ്റിംഗ് കൊടുക്കുന്നത് കേന്ദ്രസർക്കാർ നിറുത്തിയെന്നും പകരം പതിനൊന്നോളം വിഭാഗങ്ങളിൽ പ്രകടനം വിലയിരുത്തുകയാണ് ഇപ്പോഴത്തെ രീതിയെന്നും അതിൽ ഒൻപതെണ്ണത്തിലും കേരളം ഒന്നാമതാണെന്നും മന്ത്രി അറിയിച്ചു. അനുബന്ധമായി കേരളം,ഗുജറാത്ത്, ആന്ധ്ര സംസ്ഥാനങ്ങൾ മുന്നിലെത്തിയെന്ന കേന്ദ്രസർക്കാർ റിപ്പോർട്ടും സഭയിൽ വായിച്ചു.എന്നിട്ടും ചോദ്യങ്ങളുമായി രാഹുൽ മാങ്കൂട്ടത്തിൽ തുടർച്ചയായി ബഹളമുണ്ടാക്കിയപ്പോഴാണ് ഇത് നിയമസഭയാണെന്ന് മന്ത്രി ഓർമ്മിപ്പിച്ചത്.രാഹുൽ മാങ്കൂട്ടത്തിലിന് അദ്ദേഹം പ്രതീക്ഷിക്കുന്ന ഉത്തരം തന്നെ മന്ത്രി പറയണമെന്ന് വാശിപിടിക്കുന്നത് ശരിയല്ലെന്ന് സ്പീക്കറും ഓർമ്മിപ്പിച്ചു.
Source link