KERALAM

വാക്കുപാലിച്ച് സുരേഷ് ഗോപി, സമരപ്പന്തലിൽ ആശാവർക്കർമാർക്ക് പൊങ്കാല കിറ്റുകൾ എത്തിച്ചുനൽകി

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പടിക്കൽ രാപകൽ സമരം തുടരുന്ന ആശാവർക്കർമാർക്ക് സൗജന്യമായി പൊങ്കാല കിറ്റ് വിതരണം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇന്നലെ രാവിലെ സമരവേദിയിലെത്തിയ സുരേഷ് ഗോപി കിറ്റ് എത്തിക്കുമെന്ന് ആശാപ്രവർത്തകർക്ക് ഉറപ്പുനൽകിയിരുന്നു. പിന്നാലെ ഇന്നലെ വൈകിട്ട് പാർട്ടി പ്രവർത്തകർക്കൊപ്പം എത്തിയാണ് കിറ്റ് വിതരണം ചെയ്തത്. നൂറോളം പേർക്കുള്ള അരി, ശർക്കര, വാഴക്കുല, തേങ്ങ തുടങ്ങിയവയാണ് സുരേഷ് ഗോപി എത്തിച്ചുനൽകിയത്. പൊങ്കാല സമർപ്പിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളുമായി സജ്ജരായിരിക്കുന്ന ആശമാരുടെ ചിത്രങ്ങളും പുറത്തുവന്നു.

രാവിലെ ആറ്റുകാൽ ക്ഷേത്രത്തിലേക്ക് പോകവേയാണ് സുരേഷ് ഗോപി സമരപ്പന്തലിൽ എത്തിയത്. ആശാ വർക്കർമാരുടെ പ്രശ്നത്തിൽ ഇടപെട്ടത് ബിജെപിക്കാരനായതുകൊണ്ടോ, മന്ത്രിയോ എംപിയോ ആയതുകൊണ്ടോ അല്ലെന്നും സോഷ്യൽ ആക്ടിവിസ്റ്റ് ആയതിനാലാണെന്നും അദ്ദേഹം വ്യക്തമാക്കി.

‘നിങ്ങൾ സിക്കിമിനെയും ആന്ധ്രാപ്രദേശിനെയും കണ്ട് പഠിക്കൂ. നല്ലതു സംഭവിച്ചേ പറ്റൂ. വിഷയത്തിൽ സംസ്ഥാന സർക്കാരിനെ കുറ്റം പറയില്ല. സമയമെടുക്കും. പണം കായ്ക്കുന്ന മരമൊന്നുമില്ല, അവർ പറഞ്ഞയുടൻ എടുത്തുകൊടുക്കാൻ പറ്റില്ല. ഞാൻ ആരെയും കുറ്റപ്പെടുത്തില്ല. രാഷ്ട്രീയക്കലർപ്പില്ലാതെയാണ് വിഷയം കേന്ദ്രത്തിൽ അവതരിപ്പിച്ചത്. അതിന്റെ നേരിയ ഫലം കണ്ടുതുടങ്ങി.’- എന്നും കഴിഞ്ഞദിവസം സുരേഷ് ഗോപി പറഞ്ഞിരുന്നു. ഭാര്യ രാധികയ്ക്കൊപ്പം ആറ്റുകാൽ ക്ഷേത്രത്തിൽ ദർശനം നടത്തിയ സുരേഷ് ഗോപി ഭക്തർക്കൊപ്പം സെൽഫിയുമെടുത്ത ശേഷമാണ് മടങ്ങിയത്. അതിനിടെ കൂടൽ മാണിക്യം വിഷയത്തിൽ അഭിപ്രായമാരാഞ്ഞ മാദ്ധ്യമ പ്രവർത്തകരോട്, ‘ഇതിനിടയ്ക്ക് വിഷം ഉണ്ടല്ലോ’യെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.


Source link

Related Articles

Back to top button