KERALAMLATEST NEWS

വീണ്ടും ചികിത്സാ പിഴവ്,കോഴിക്കോട് ഗർഭപാത്ര ശസ്ത്രക്രിയ നടത്തിയ വീട്ടമ്മ മരിച്ചു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വീണ്ടും ചികിത്സ പിഴവെന്ന് പരാതി. ഗർഭപാത്രം നീക്കാൻ ശസ്ത്രക്രിയ നടത്തിയ പേരാമ്പ്ര സ്വദേശി മരിച്ചു. പേരാമ്പ്ര പന്തിരിക്കര മരുതോറ പിലാവുള്ള പറമ്പിൽ രാജന്റെ ഭാര്യ വിലാസിനി (57)യാണ് ഇന്നലെ പുലർച്ചെ മരിച്ചത്. ചികിത്സ പിഴവാണെന്ന് ബന്ധുക്കൾ ആരോപിച്ചു.

ഈ മാസം നാലിനാണ് ശസ്ത്രക്രിയയ്ക്കായി ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. 7ന് താക്കോൽദ്വാര ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയയ്ക്കിടെ കുടലിന് മുറിവേറ്റതായും ഇതിന് സ്റ്റിച്ചിട്ടതായും ഡോകടർമാർ കുടുംബത്തോട് പറ‌ഞ്ഞിരുന്നു.

ശനിയാഴ്ച ഇവരെ വാർഡിലേക്ക് മാറ്റിയെങ്കിലും ഖര രൂപത്തിലുള്ള ഭക്ഷണം കഴിച്ചതിന് പിന്നാലെ വയറുവേദന കലശലായതോടെ വീണ്ടും ഐ.സി.യുവിലേക്ക് മാറ്റുകയായിരുന്നു. പരിശോധനയിൽ വൃക്കയ്ക്കും,കരളിനും അണുബാധയുണ്ടായെന്നും,ഒരു ശസ്ത്രക്രിയ കൂടി വേണമെന്നും ഡോക്ടർമാർ പറഞ്ഞു. ഇതേത്തുർന്ന് 10ന് വീണ്ടും ശസ്ത്രക്രിയ നടത്തി. പിന്നീട് വിലാസിനി അബോധാവസ്ഥയിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.

ചികിത്സാപ്പിഴവുണ്ടായെന്ന് കാണിച്ച് ബന്ധുക്കൾ ആശുപത്രി സൂപ്രണ്ടിനും മെഡിക്കൽ കോളേജ് പൊലീസിലും പരാതി നൽകി. സംഭവത്തിൽ ആരോഗ്യമന്ത്രിക്കും പരാതി നൽകുമെന്ന് കുടുംബം പറഞ്ഞു. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് ഗെെനക്കോളജി വിഭാഗം മേധാവിയോട് റിപ്പോർട്ട് തേടി. മക്കൾ:രഗീഷ്,രഷിത,സജിന. മരുമക്കൾ:ശൈലേഷ്,പ്രിൻസ്.

ചികിത്സാപ്പിഴവില്ല:

മെഡി.കോളേജ്

ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്ന് മെഡിക്കൽ കോളേജ് അധികൃതർ വ്യക്തമാക്കി. ശസ്ത്രക്രിയാ സമയത്ത് ഗ‌ർഭാശയവും,കുടലും തമ്മിൽ ഒട്ടിച്ചേർന്ന ഭാഗം വിടർത്തുമ്പോൾ വൻകുടലിന്റെ ഭാഗത്ത് ഒരു ക്ഷതം കണ്ടെത്തിയിരുന്നു. ആ ക്ഷതം തുന്നിച്ചേർത്തു. വയറുവേദന കലശലായി പരിശോധന നടത്തിയപ്പോൾ കുടലിന്റെ ഭാഗത്ത് ലീക്ക് സംശയിച്ചതിനാലാണ് വീണ്ടും ശസ്ത്രക്രിയ നടത്തിയത്. ഈ ലീക്ക് ശസ്ത്രക്രിയയ്ക്കിടെ സംഭവിച്ചതല്ല. രോഗിക്ക് എല്ലാ ഘട്ടങ്ങളിലും ആവശ്യമായ ചികിത്സ നൽകിയെന്നും അവർ പറഞ്ഞു.


Source link

Related Articles

Back to top button