ലീഗ് മതേതര പാതയിലുള്ള പാർട്ടി, നടത്തുന്നത് സമൂഹ സേവനം, മുസ്ളീം ജനതയെ നേരായ മാർഗത്തിൽ നയിക്കാനായെന്ന് കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: രാഷ്ട്രീയ സംഘടന എന്ന നിലയ്ക്ക് ലീഗ് നടത്തുന്നത് സമൂഹ സേവനമാണെന്നും മതേതര പാതയിൽ ലീഗ് എന്നും ഉറച്ചു നിൽക്കുമെന്നും മുസ്ലീം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവുമായ പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. നന്ദാവനം പാണക്കാട് ഹാളിൽ ഹൈദരലി ശിഹാബ് തങ്ങളുടെമൂന്നാം വാർഷിക അനുസ്മരണവും 77ാമത് മുസ്ലീം ലീഗ് സ്ഥാപക ദിനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു കുഞ്ഞാലിക്കുട്ടി. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇവിടെയുള്ള മുസ്ലീം ജന വിഭാഗത്തിന് മതപരമായ കാര്യങ്ങളിൽ സ്വത്വം സംരക്ഷിക്കാനും മിതത്വം പാലിക്കാനും ലീഗിന്റെ പ്രവർത്തനങ്ങൾ വലിയ തോതിൽ ഉപകരിച്ചിട്ടുണ്ട്. തീവ്രവാദത്തിലേക്കോ,വിഭാഗീയതയിലേക്കോ പോകാതെ മുസ്ലീം ജനതയെ നേരായ മാർഗ്ഗത്തിലൂടെ നയിക്കാൻ ലീഗിനായത് വലിയ കാര്യമാണ്. പാണക്കാട് കുടുംബത്തിന്റേത് ശിഹാബ് തങ്ങൾ ഉൾപ്പെടെയുള്ളവരുടെ പാരമ്പര്യത്തിന്റേതാണെന്നും അത് നനാജാതി മതസ്ഥരെയും ചേർത്തു നിർത്തിക്കൊണ്ടു മുന്നോട്ടുപോകുന്നതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മതബോധവും മതേതരത്വ ബോധവുമുള്ള പാർട്ടിയാണ് മുസ്ലീം ലീഗെന്നുംവർഗ്ഗീയ പാർട്ടിയാണെന്ന് എല്ലാവരും പറഞ്ഞപ്പോഴും അല്ലെന്ന് തുറന്നുപറയാൻ ധൈര്യം കാട്ടിയ പാർട്ടിയാണ് സി.പി.ഐയെന്നും മുഖ്യാതിഥിയായിപങ്കെടുത്ത സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. മതപരമായ നിലപാടുള്ളപ്പോൾ തന്നെ രാഷ്ട്രീയ ആർജ്ജവമുള്ള,ആദർശങ്ങൾ പറയാൻ കെൽപ്പുള്ള പാർട്ടിയാണ് ലീഗെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ പാർട്ടിയെന്ന നിലയ്ക്ക് എന്നും ദീർഘവീക്ഷണം ലീഗിനുണ്ടായിരുന്നുവെന്ന് മറ്റൊരു മുഖ്യാതിഥിയായ കെ.മുരളീധരൻ പറഞ്ഞു. താൽക്കാലിക വികാരങ്ങൾക്ക് അടിപ്പെടാതെ,രാഷ്ട്രത്തിന്റെ ഭാവി ചിന്തിച്ച് പ്രവർത്തിക്കാൻ കഴിയുന്ന പാർട്ടി എന്ന നിലയ്ക്കാണ് ലീഗിന്റെ പ്രസക്തിയെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.
ലീഗ് ജില്ല പ്രസിഡന്റ് ബീമാപള്ളി റഷീദ് അദ്ധ്യക്ഷനായി.നിംസ് മെഡി സിറ്റി സി.എം.ഡി ഡോ.ഫൈസൽഖാൻ,മഞ്ഞളാംകുഴി അലി എം.എൽ.എ, ഡോ.എസ്.എസ്.ലാൽ,നിസാർ മുഹമ്മദ് സുൾഫി,അഡ്വ.എസ്.എൻ.പുരം നിസാർ തുടങ്ങി നേതാക്കൾ സംബന്ധിച്ചു.
Source link