INDIA

മാർക്ക് കാർണി മിതവാദി; കാന‍ഡ ബന്ധം മെച്ചപ്പെടുമെന്ന പ്രതീക്ഷയിൽ ഇന്ത്യ


ന്യൂഡൽഹി ∙ ഒരേ പാർട്ടിക്കാരാണെങ്കിലും കാനഡയുടെ നിയുക്ത പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നയങ്ങൾ കഴിഞ്ഞ 9 കൊല്ലത്തെ ജസ്റ്റിൻ ട്രൂഡോയുടെ ഭരണത്തിൽനിന്നു വ്യത്യസ്തമായിരിക്കുമെന്നാണു കരുതുന്നത്. ഇന്ത്യയുമായുള്ള ബന്ധം മെച്ചമാക്കാൻ അവസരമുണ്ടെന്നു തിരഞ്ഞെടുക്കപ്പെടുന്നതിന് ഒരാഴ്ച മുൻപു കാർണി പറഞ്ഞിരുന്നു. ട്രൂഡോയുടെ വിശ്വസ്തനെങ്കിലും ട്രൂഡോയെപ്പോലെ കടുത്ത ഇടതുപക്ഷക്കാരനല്ല കാർണി. പൊതുവേ മിതവാദി. ബാങ്ക് ഓഫ് കാനഡ, ബാങ്ക് ഓഫ് ഇംഗ്ലണ്ട് എന്നീ സെൻട്രൽ ബാങ്കുകളുടെ പ്രസിഡന്റായിരുന്ന കാലത്ത് അദ്ദേഹം അതു തെളിയിച്ചതാണ്.അതേസമയം, കാർബൺ നികുതി ഏർപ്പെടുത്തുക, കടുത്ത കാലാവസ്ഥാ നയവുമായി മുന്നോട്ടുപോവുക എന്നീ ലിബറൽ പാർട്ടി നിലപാടുകളിൽ വെള്ളം ചേർക്കാൻ അദ്ദേഹം തയാറാകില്ല. മുന്നാക്ക രാജ്യങ്ങൾ സ്വയം കടുത്ത കാലാവസ്ഥാനയങ്ങൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്ന ഇന്ത്യയെപ്പോലുള്ള മൂന്നാം ലോകരാജ്യങ്ങൾക്ക് ഇദ്ദേഹം സ്വീകാര്യനായെന്നു വരും.കാനഡയിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് 25% വരെ ചുങ്കം ഏർപ്പെടുത്തിയതോടെ അമേരിക്കയുമായുള്ള വ്യാപാരബന്ധം ഏറ്റവും മോശപ്പെട്ട സ്ഥിതിയിലാണ്. വിപുലമായ വാണിജ്യസാധ്യതയുള്ള ഇന്ത്യ, ബ്രസീൽ പോലുള്ള വികസ്വരരാജ്യങ്ങളിലായിരിക്കും ഇതോടെ കാനഡയുടെ നോട്ടം.


Source link

Related Articles

Back to top button