LATEST NEWS

‘വന്യമൃഗങ്ങളെ വെടിവയ്‌ക്കേണ്ട’; നിലപാട് ഭരണഘടനാ വിരുദ്ധം, ചക്കിട്ടപാറ പഞ്ചായത്തിനെതിരെ വനം വകുപ്പ്


കോഴിക്കോട്∙ നാട്ടിലിറങ്ങുന്ന ഏതു വന്യമൃഗത്തേയും വെടിവച്ചു കൊല്ലാനുള്ള ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റിന്റെ ആഹ്വാനത്തിനെതിരെ വനം വകുപ്പ്. ഭരണഘടനാ വിരുദ്ധവും രാജ്യത്തെ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതുമാണ് പഞ്ചായത്തു ഭരണ സമിതിയുടെ ആഹ്വാനമെന്ന് വ്യക്തമാക്കിയ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉപദ്രവകാരികളായ പന്നികളെ കൊല്ലാൻ പ്രസിഡന്റിനു നൽകിയ ‘ഓണററി വൈൽഡ് ലൈഫ് വാർഡൻ അധികാരം’ റദ്ദാക്കാനും വനം അഡിഷനൽ ചീഫ് സെക്രട്ടറിക്ക് ശുപാർശ ചെയ്തു. അഭിഭാഷകനായ ടി.എസ്.സന്തോഷിന്റെ പരാതിയിലാണ് നടപടി.കാട്ടിൽ നിന്നു നാട്ടിലിറങ്ങുന്ന വന്യജീവികളെ കൊല്ലാൻ 20 പേരടങ്ങുന്ന എംപാനൽ ഷൂട്ടർമാരെ നിയോഗിക്കാൻ ചക്കിട്ടപാറ പഞ്ചായത്ത് ഭരണസമിതി യോഗം കഴിഞ്ഞയാഴ്ച തീരുമാനിച്ചിരുന്നു. നാളെ വീണ്ടും ഭരണസമിതി ചേർന്ന് തുടർനടപടികൾ സ്വീകരിക്കാനിരിക്കെയാണ് വനം വകുപ്പിന്റെ നടപടി.പന്നികളെ മാത്രം വെടിവയ്ക്കാനുള്ള അനുമതി നൽകാൻ തദ്ദേശ പ്രസിഡന്റുമാർക്ക് ഓണററി വൈൽഡ് ലൈഫ് വാർഡൻ പദവി അനുവദിച്ചിട്ടുണ്ട്. എന്നാൽ 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിലെ പട്ടികയിൽപെട്ടതും വംശനാശ ഭീഷണി നേരിടുന്നതുമായ വന്യജീവികളെ കൊല്ലാനും പഞ്ചായത്ത് തീരുമാനിച്ചത് ഭരണഘടനാ വിരുദ്ധമാണെന്ന് വനം വകുപ്പ് വ്യക്തമാക്കി. നിലവിലെ നിയമപ്രകാരം ഇതിനു സാധ്യമല്ലെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രനും ആദ്യ ദിവസം തന്നെ പറഞ്ഞിരുന്നതാണ്. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തെറ്റായ പ്രവണതകൾ ആവർത്തിക്കാതിരിക്കാൻ തദ്ദേശ ഭരണ വകുപ്പുമായി ആലോചിച്ച് തുടർനടപടി എടുക്കണമെന്നാണ് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ആവശ്യം. ഫയൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പരിഗണനയ്ക്ക് അയയ്ക്കും. പ്രസിഡന്റുമാർക്ക് ഓണററി പദവി നൽകിയത് മന്ത്രിസഭാ തീരുാനമായതിനാൽ ഒരാളുടെ പദവി എടുത്തു കളയാനും മന്ത്രിസഭ തീരുമാനിക്കേണ്ടതുണ്ട്. ‌


Source link

Related Articles

Back to top button