KERALAMLATEST NEWS

സ്വകാര്യ സർവകലാശാലകളിലെ 40% സംസ്ഥാന ക്വാട്ട സംവരണം ഇല്ലാതാക്കും

തിരുവനന്തപുരം: സ്വകാര്യ സർവകലാശാലകളിലെ 40% സീറ്റുകൾ സംസ്ഥാനത്തെ സ്ഥിരതാമസക്കാരായ വിദ്യാർത്ഥികൾക്ക് നീക്കിവച്ചതിന്റെ സാധുത സംബന്ധിച്ച് നിയമസഭ സബ്ജക്ട് കമ്മിറ്റി ആശങ്ക രേഖപ്പെടുത്തി. സർവകലാശാലകളിലെ ആകെ സീറ്റുകളിൽ 40% സംസ്ഥാന ക്വാട്ടയാണ്. ഈ സീറ്റുകളിൽ മാത്രമാണ് സംവരണം ബാധകമാവുക. പ്രവേശനത്തിന് വാസസ്ഥലം ബാധകമാക്കരുതെന്ന് സുപ്രീംകോടതി ഉത്തരവുള്ള സാഹചര്യത്തിൽ ഈ ക്വാട്ട നിയമപരമായി നിലനിൽക്കാനിടയില്ലെന്നും ഭാവിയിൽ നിയമപോരാട്ടത്തിന് ഇടയാക്കുമെന്നും ഇന്നലെ നിയമസഭയിൽ ഹാജരാക്കിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. 40% ക്വാട്ട റദ്ദാക്കപ്പെട്ടാൽ വിദ്യാർത്ഥികൾക്ക് അർഹമായ സംവരണ ആനുകൂല്യങ്ങളും വിദ്യാഭ്യാസ അവസരവും നിഷേധിക്കപ്പെടും. 40% കേരള ക്വാട്ട തുലാസിലാണെന്ന് ഫെബ്രുവരി 21ന് ‘കേരളകൗമുദി’ റിപ്പോർട്ട് ചെയ്തിരുന്നു. ഭരണഘടന മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാവണം സംസ്ഥാനങ്ങളിലെ സംവരണമെന്നാണ് സുപ്രീംകോടതി ഉത്തരവ്. പി.ജി മെഡിക്കലിലുണ്ടായിരുന്ന 50%സംസ്ഥാന ക്വാട്ട കോടതി റദ്ദാക്കിയതാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. നിലവിലെ മെഡിക്കൽ കോളേജുകൾക്ക് സ്വകാര്യസർവകലാശാലയായി മാറാമെന്നതിനാൽ 40% ക്വാട്ട ഇല്ലാതായാൽ രാജ്യത്തെവിടെനിന്നും പ്രവേശനം നടത്താനാവും. പിന്നാക്കവിഭാഗ സംവരണമടക്കം വിവിധ കോഴ്സുകളിൽ വ്യത്യസ്തമാണ്. മൾട്ടി ഡിസിപ്ലിനറി സർവകലാശാലകൾ ഏതുരീതിയിലെ സംവരണക്രമം പാലിക്കണമെന്നും വ്യക്തതയില്ല. നിയമപരമായി സാധുതയുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തണമെന്ന് ആബിദ്ഹുസൈൻ തങ്ങൾ, ടി.വി.ഇബ്രാഹിം, രാഹുൽമാങ്കൂട്ടത്തിൽ എന്നിവർ സബ്ജക്ട് കമ്മിറ്റിയിൽ ആവശ്യപ്പെട്ടു. 24ന് ബിൽ വീണ്ടും സഭയിലെത്തുമ്പോൾ ഇക്കാര്യത്തിൽ തീരുമാനമാനമായേക്കും.

ഫീസ് ആനുകൂല്യം?

പട്ടികവിഭാഗങ്ങൾക്ക് സർക്കാർ നിശ്ചയിക്കുന്ന ഫീസിളവിനും സ്കോളർഷിപ്പിനും സ്വകാര്യ സർവകലാശാല ബില്ലിൽ വ്യവസ്ഥയുണ്ടെങ്കിലും പിന്നാക്ക, ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് ഈ ആനുകൂല്യമില്ല. സ്വാശ്രയ മെഡിക്കൽ, എൻജിനിയറിംഗ് കോളേജുകളിൽ റിട്ട.ഹൈക്കോടതി ജഡ്ജിയുടെ സമിതിയാണ് ഫീസ് നിശ്ചയിക്കുന്നത്. എന്നാൽ, സ്വകാര്യ സർവകലാശാലകളിൽ എത്രഫീസ് വാങ്ങിയാലും സർക്കാരിനോ കോടതികൾക്കോ ഇടപെടാൻ കഴിയില്ല. പിന്നാക്ക,ദരിദ്ര വിദ്യാർത്ഥികളുടെ പഠനാവസരം നിഷേധിക്കാൻ ഇതിടയാക്കുമെന്നും സബ്ജക്ട് കമ്മിറ്റി ചൂണ്ടിക്കാട്ടി.

 മുൻപരിചയം വേണം

1. സർവകലാശാല സ്ഥാപിക്കുന്ന സ്പോൺസറിംഗ് ഏജൻസിക്ക് അക്കാഡമിക് രംഗത്തെ മുൻപരിചയം നിശ്ചയിക്കാത്തത് ഗുണമേന്മ കുറയ്ക്കും, കച്ചവടതാത്പര്യങ്ങൾക്ക് വഴിവയ്ക്കും.

2. സർവകലാശാല അടച്ചുപൂട്ടിയാൽ ഭാവിയിലുണ്ടാകാവുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെന്ന വ്യവസ്ഥകളോടെയേ എൻഡോവ്മെന്റ് ഫണ്ട് ഉടമയ്ക്ക് തിരികെ നൽകാവൂ.

3.അർഹരായ വിദ്യാർത്ഥികളുടെ ഫീസിളവുകളും സംവരണ ആനുകൂല്യങ്ങളും നഷ്ടപ്പെടാത്ത തരത്തിലുള്ള വ്യവസ്ഥകൾ ബില്ലിൽ ഉൾപ്പെടുത്തണം.


Source link

Related Articles

Back to top button