പാതിവില തട്ടിപ്പ്: ആനന്ദ കുമാറിന് നിയമക്കുരുക്ക്; കൂടുതൽ അറസ്റ്റിനുള്ള കളമൊരുങ്ങുന്നു

തിരുവനന്തപുരം ∙ പാതിവില തട്ടിപ്പ് കേസില്‍ കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ പ്രതിയായ സായിഗ്രാം ഗ്ലോബല്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍. ആനന്ദകുമാര്‍ വന്‍ നിയമക്കുരുക്കിലേക്ക്. കണ്ണൂര്‍ ടൗണ്‍ പൊലീസ് എടുത്ത കേസിൽ കസ്റ്റഡിയിലെടുത്ത ആനന്ദകുമാര്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിനു പിന്നാലെ മൂവാറ്റുപുഴ പൊലീസ് എത്തി അറസ്റ്റ് രേഖപ്പെടുത്തി. മൂവാറ്റുപുഴ സീഡ് സൊസെറ്റി സെക്രട്ടറി റിജി വര്‍ഗീസ് നല്‍കിയ കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി കേസുകള്‍ എടുത്തിരിക്കുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റിനുള്ള കളമാണ് ഒരുങ്ങുന്നതെന്നാണ് സൂചന.ഒന്നാം പ്രതി അനന്തുകൃഷ്ണനാണ് തട്ടിപ്പിനു പിന്നിലെന്നും പണമിടപാടില്‍ തനിക്കു യാതൊരു ബന്ധവുമില്ലെന്നാണ് വിവാദം പുറത്തുവന്നതു മുതല്‍ ആനന്ദകുമാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഈ വാദം കോടതി പൂര്‍ണമായി തള്ളിക്കളഞ്ഞിരിക്കുകയാണ്. പണം ട്രസ്റ്റിന്റെ അക്കൗണ്ടിലാണ് വന്നിട്ടുളളതെന്നും സാമ്പത്തിക ഇടപാടുകളില്‍ തനിക്ക് നേരിട്ട് പങ്കോ അറിവോ ഇല്ലെന്ന ആനന്ദകുമാറിന്റെ വാദവും കോടതി തളളി. പ്രഥമദൃഷ്ട്യാ കുറ്റം കണ്ടെത്തിയ കോടതി പ്രതി നടത്തിയ സാമ്പത്തിക തട്ടിപ്പും അതിന് ഇടയാക്കിയ തുകയും നിസാരമായി കാണാനാകില്ലെന്നും വിലയിരുത്തി. സാമ്പത്തിക തട്ടിപ്പ് ആനന്ദകുമാറിന്റെ അറിവോടെയാണെന്ന പൊലീസ് വാദം കോടതി അംഗീകരിച്ചു. ആനന്ദകുമാറിന്റെ അക്കൗണ്ടിലേക്ക് രണ്ട് കോടി രൂപ നല്‍കിയിട്ടുണ്ടെന്ന ഒന്നാം പ്രതി അനന്തുകൃഷ്ണന്റെ മൊഴിയെ അടിസ്ഥാനമാക്കിയായിരുന്നു പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നത്. പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്താലെ തട്ടിപ്പിന്റെ പൂര്‍ണ രൂപം പുറത്ത് കൊണ്ടുവരാനാകൂ എന്നും പൊലീസ് ആവശ്യപ്പെട്ടിരുന്നത് പരിഗണിച്ചാണ് കോടതി പ്രതിയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തളളിയത്.2024 ഫെബ്രുവരി 15 നാണ് പാതിവിലയക്ക് സാധനങ്ങള്‍ നല്‍കുമെന്ന വാഗ്ദാനം നല്‍കി ഒരു അഞ്ചംഗ ട്രസ്റ്റ് രൂപീകരിച്ചത്. കെ.എന്‍. ആനന്ദകുമാര്‍ ആജീവാനന്ത ചെയര്‍മാനായ ട്രസ്റ്റില്‍ അനന്തുകൃഷ്ണന്‍, ഡോ. ബീനാ സെബാസ്റ്റ്യന്‍, ഷീബാ സുരേഷ്, ജയകുമാരന്‍നായര്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍. പകുതി വില തട്ടിപ്പിന്റെ മുഖ്യ സൂത്രധാരന്‍ ആനന്ദ കുമര്‍ ആണെന്ന നിഗനത്തിലാണ് ആദ്യഘട്ടത്തില്‍ കേസ് അന്വേഷിച്ച പൊലീസ് സംഘവും എത്തിയിരുന്നത്. പകുതി വിലക്ക് സ്‌കൂട്ടറും ഗൃഹോപകരണങ്ങളും വാങ്ങാന്‍ ആളുകള്‍ കൂട്ടമായി എത്തിയത് അവസരമായി കണ്ട്, ആനന്ദ കുമാറിന്റെ നേതൃത്വത്തിലാണ് കൂടുതല്‍ ആസൂത്രണം നടത്തിയിരുന്നതെന്നും പൊലീസ് കരുതുന്നു.
Source link