4500 പൊലീസുകാർ, 847 ക്യാമറകൾ, ഡ്രോൺ നിരീക്ഷണം; ആറ്റുകാൽ പൊങ്കാലയ്ക്ക് ഒരുങ്ങി അനന്തപുരി

തിരുവനന്തപുരം ∙ ആറ്റുകാല്‍ പൊങ്കാലയ്ക്കായി ആയിരക്കണക്കിന് ഭക്തര്‍ തലസ്ഥാന നഗരത്തിലേക്കു എത്തുന്നതു കണക്കിലെടുത്തു സുരക്ഷ ശക്തമാക്കി പൊലീസ്. 4500 പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. ഭക്തര്‍ കൂടുതലും സ്ത്രീകളായതിനാല്‍ പിടിച്ചുപറി, സ്ത്രീകള്‍ക്കെതിരായ മറ്റ് കുറ്റകൃത്യങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത മുന്നില്‍കണ്ടാണ് നടപടികള്‍. ക്ഷേത്രത്തിനകത്തും പുറത്തുമായി നൂറോളം സിസിടിവി ക്യാമറകള്‍ സജ്ജമാക്കി 24 മണിക്കൂറും നിരീക്ഷണം നടത്തും. സ്മാര്‍ട്ട് സിറ്റി കണ്‍ട്രോള്‍ റൂമില്‍ സ്ഥാപിച്ചിട്ടുള്ള 847 ക്യാമറകളിലൂടെ നഗരത്തിന്റെ വിവിധ മേഖലകള്‍ 24 മണിക്കൂറും പൊലീസ് നിരീക്ഷണത്തിലായിരിക്കും. നഗരത്തെ ആറു പ്രത്യേക മേഖലകളായി തിരിച്ചു ഡ്രോണുകള്‍ ഉപയോഗിച്ച് നിരീക്ഷണം ഏര്‍പ്പെടുത്തും. കൂടുതല്‍ ഷാഡോ മഫ്ത്തി പൊലീസുകാരെയും വനിതാ പൊലീസിന്റെയും സേവനം ഉപയോഗിച്ചിട്ടുണ്ട്. പിടിച്ചുപറി, മാല മോഷണം, സ്ത്രീകളെ ശല്യം ചെയ്യുന്ന ആള്‍ക്കാര്‍ എന്നിവരെ പ്രത്യേകം നിരീക്ഷിച്ച് നടപടി എടുക്കും. തമിഴ്‌നാട്ടില്‍ നിന്നുള്ള കുറ്റവാളികളെ കണ്ടെത്താന്‍ കന്യാകുമാരി ജില്ലയില്‍നിന്നും പൊലീസ് ഉദ്യോഗസ്ഥരെ പ്രത്യേകമായി നിരീക്ഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. മുമ്പ് കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരുടെ ചിത്രങ്ങള്‍ ക്ഷേത്രപരിസരത്ത് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ലോഡ്ജുകള്‍ ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്റെ ഗ്രൗണ്ടുകള്‍ എന്നിവിടങ്ങളില്‍ പ്രത്യേക പരിശോധന നടത്തും. സംശയമുള്ളവര്‍ക്കെതിരെ കരുതല്‍ തടങ്കല്‍ നടപടി സ്വീകരിക്കും. കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട ആളുകളെ ഫേസ് ഡിറ്റക്ഷന്‍ ക്യാമറ വഴി നിരീക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.പൊങ്കാല ദിവസം പ്രത്യേകം പാസ് ഉള്ള പുരുഷന്മാരെ മാത്രമേ ക്ഷേത്ര കോംപൗണ്ടിലേക്ക് കടത്തിവിടുകയുള്ളൂ. പൊങ്കാലയിടാന്‍ വരുന്ന സ്ത്രീകളും കുട്ടികളും വിലപിടിപ്പുള്ള സാധനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് പൊലീസ് മുന്നറിയിപ്പു നല്‍കി.
Source link