കൊല്ലത്തിന്റെ മുഖം മാറ്റുന്ന ‘പദ്ധതി’, വലവീശിപ്പിടിക്കാൻ കൊച്ചി: ഏജൻസികളെ സ്വാധീനിക്കാൻ നീക്കം

കൊല്ലം: കൊല്ലം തീരത്ത് ഓയിൽ ഇന്ത്യയുടെ നേതൃത്വത്തിൽ നടക്കുന്ന ഇന്ധന പര്യവേക്ഷണത്തിന് തീരം കേന്ദ്രീകരിച്ചുള്ള സേവനങ്ങൾ കൊച്ചി പോർട്ട് വഴിയാക്കാൻ നീക്കം. കൊല്ലം പോർട്ടിൽ അടിസ്ഥാന സൗകര്യങ്ങളില്ലെന്നും കൂടുതൽ സേവനങ്ങൾ വാഗ്ദാനം ചെയ്തുമാണ് കൊച്ചി പോർട്ട് അധികൃതർ കരാറിൽ പങ്കെടുക്കുന്ന ഏജൻസികളെ സ്വാധീനിക്കുന്നത്.
ഇന്ധന പര്യവേക്ഷണം നടക്കുന്ന ബ്ലോക്കിനോട് ഏറ്റവും അടുത്തുള്ള പോർട്ട് എന്ന നിലയിൽ തീരസേവനത്തിനുള്ള ടെണ്ടർ രേഖകളിൽ ഓയിൽ ഇന്ത്യ കൊല്ലം പോർട്ട് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ടെണ്ടറിൽ പങ്കെടുക്കുന്ന ചില ഏജൻസികൾ കൊല്ലം പോർട്ട് സന്ദർശിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് കൊച്ചി പോർട്ട് അധികൃതർ ഇവരെ വലവീശിപ്പിടിക്കാനുള്ള ശ്രമം ആരംഭിച്ചത്. എന്നാൽ കൊല്ലം പോർട്ട് അധികൃതരുട ഭാഗത്ത് നിന്ന് ഇത്തരം ഏജൻസികളുമായി ആശയവിനിമയത്തിന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഈമാസം 26ന് ടെണ്ടർ സമർപ്പിക്കാനുള്ള സമയപരിധി അവസാനിക്കും.
വികസന സ്വപ്നങ്ങൾ തകരും
സെപ്തംബറിൽ ഇന്ധന പര്യവേക്ഷണം ആരംഭിക്കുന്നതോടെ പര്യവേക്ഷണത്തെ സഹായിക്കുന്ന ബാർജുകളും കപ്പലുകളും നിരന്തരമെത്തി വലിയ വരുമാനം കൊല്ലം പോർട്ട് പ്രതീക്ഷിച്ചിരുന്നു. പര്യവേക്ഷണത്തിന് ഉപയോഗിക്കുന്ന പൈപ്പ് ലൈൻ അടക്കമുള്ള സാമഗ്രികൾ സംഭരിച്ച് സൂക്ഷിക്കുന്ന ഇനത്തിലും വലിയ വാടക ലഭിക്കുമായിരുന്നു. ഒരുവർഷം വരെ ഇന്ധന പര്യവേക്ഷണം നീളാനും സാദ്ധ്യതയുണ്ട്. തീരസേവനം കൊച്ചിയിലേക്ക് പോയാൽ കൊല്ലം തീരത്ത് ഇന്ധന പര്യവേക്ഷണം നടക്കുന്നത് കൊണ്ട് കൊല്ലത്തിന് കാര്യമായ പ്രയോജനം ഇല്ലാത്ത അവസ്ഥയാകും.
പര്യവേക്ഷണ സഹായം
ഡ്രില്ലിംഗ് ഉപകരണങ്ങൾ സംഭരിക്കൽ
സിമന്റ്, ഭീമൻ പൈപ്പുകൾ എന്നിവയുടെ സംഭരണം
കിണറ്റിൽ നിന്ന് ശേഖരിക്കുന്ന ചെളി സംഭരിക്കൽ
പര്യവേക്ഷണ യാനങ്ങളുടെ ബങ്കറിംഗ്
Source link