‘പിസി ജോർജിനെ ചങ്ങലയ്ക്കിടാൻ കഴിയില്ലേ? സർക്കാരാണ് ലൈസൻസ് നൽകിയത്’; നിയമസഭയിൽ എകെഎം അഷ്റഫ്

തിരുവനന്തപുരം: ബിജെപി നേതാവും മുൻ എംഎൽഎയുമായ പിസി ജോർജിന്റെ വിദ്വേഷ പരാമർശ വിഷയം നിയമസഭയിൽ ഉന്നയിച്ച് എകെഎം അഷ്റഫ് എംഎൽഎ. പിസി ജോർജിന്റെ ലൗ ജിഹാദ് വിഷയം ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്ന് അഷറഫ് നിയമസഭയിൽ പറഞ്ഞു. സർക്കാരാണ് പിസി ജോർജിന് എന്തും പറയാനുള്ള ലൈസൻസ് നൽകിയത്. പൊലീസ് വിചാരിച്ചാൽ പിസി ജോർജിനെ ചങ്ങലയ്ക്കിടാൻ കഴിയില്ലേയെന്നും അഷ്റഫ് ചോദിച്ചു.
വിവിധ വകുപ്പുകളുടെ ധനാഭ്യർത്ഥന ചർച്ചയ്ക്കിടെയാണ് എകെഎം അഷ്റഫ് ഇത്തരമൊരു വിമർശനം ഉന്നയിച്ചത്. കേരളത്തിന്റെ മതേതരത്വം തകർക്കുന്ന പിസി ജോർജിനെതിരെ കർശന നിലപാട് സ്വീകരിക്കാൻ സർക്കാരിന് എന്താണ് മടിയെന്ന് അഷറഫ് ചോദിച്ചു. പൊലീസ് പിസി ജോർജിനെ അറസ്റ്റ് ചെയ്തത് മനസില്ലാ മനസോടെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘പിസി ജോർജിനെ ചങ്ങലയ്ക്കിടാൻ കഴിയില്ലേ? കർണാടക സർക്കാർ ഇങ്ങനെയുള്ള ആളുകളെ തുറുങ്കലടച്ചിട്ടുണ്ട്. ജാമ്യ വ്യവസ്ഥയുടെ ലംഘനം നടത്തിയിട്ടും പിസി ജോർജിനെ തൊടാൻ പൊലീസ് തയ്യറാകുന്നില്ല’- എകെഎം അഷ്റഫ് പറഞ്ഞു. അതേസമയം, ഈ വിമർശനത്തിന് മന്ത്രിമാർ ആരും മറുപടി നൽകിയിട്ടില്ല.
മതവിദ്വേഷ പരാമർശത്തിൽ അറസ്റ്റിലായി ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് വിവാദ പ്രസംഗവുമായി പിസി ജോർജ് രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം പാലായിൽ നടന്ന ലഹരി വിരുദ്ധപരിപാടിയിൽ കേരളത്തിൽ ലൗ ജിഹാദ് വർദ്ധിക്കുന്നുവെന്നും ക്രിസ്ത്യാനികൾ 24 വയസിന് മുൻപേ പെൺകുട്ടികളെ വിവാഹം കഴിപ്പിക്കാൻ തയ്യാറാകണമെന്നും ജോർജ് പറഞ്ഞിരുന്നു.
മീനച്ചിൽ താലൂക്കിൽ മാത്രം 400 പെൺകുട്ടികളെ ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടു. 41 പേരെ മാത്രമാണ് തിരികെ കിട്ടിയത്. യാഥാർത്ഥ്യം മനസിലാക്കി രക്ഷിതാക്കൾ പെരുമാറണമെന്നുമാണ് ജോർജിന്റെ പ്രസംഗം. കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയിൽ പിടികൂടിയ സ്‌ഫോടക വസ്തുക്കൾ കേരളം മുഴുവൻ കത്തിക്കാനുള്ളതുണ്ട്. അത് എവിടെ കത്തിക്കാൻ ആണെന്നും അറിയാം, പക്ഷേ പറയുന്നില്ല. രാജ്യത്തിന്റെ പോക്ക് അപകടകരമായ നിലയിലാണെന്നും ജോർജ് പറഞ്ഞു.
Source link