നിതീഷ് വരുന്നത് ഭാംഗ് കഴിച്ച്, സ്ത്രീകളെപ്പറ്റി അശ്ലീലം പറഞ്ഞ് ആംഗ്യം കാട്ടുന്നു: റാബ്റി ദേവി

പട്ന ∙ മുഖ്യമന്ത്രി നിതീഷ് കുമാർ ‘ഭാംഗ്’ (കഞ്ചാവ് പാനീയം) കഴിച്ചു സഭയിൽ വരുന്നതിനാലാണു സ്ത്രീകളെപ്പറ്റി അശ്ലീലം പറഞ്ഞ് ആംഗ്യങ്ങൾ കാട്ടുന്നതെന്നു ലെജിസ്‌ലേറ്റീവ് കൗൺസിൽ പ്രതിപക്ഷ നേതാവ് റാബ്റി ദേവി. വനിതകളോടു മുഖ്യമന്ത്രി അനാദരവു കാട്ടുന്നുവെന്ന് ആരോപിച്ചു റാബ്റി ദേവിയുടെ നേതൃത്വത്തിൽ പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.റാബ്റി ദേവിയോടു നെറ്റിയിൽ പൊട്ടിടുന്നത് എന്തിനാണെന്നു ചോദിച്ചു സഭയിൽ ആംഗ്യം കാട്ടി ആക്ഷേപിച്ചുവെന്നാണ് പ്രതിപക്ഷ ആരോപണം. ബിഹാറിനു വികസനമുണ്ടായതു 2005നു ശേഷമാണെന്ന മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അവകാശവാദത്തെ എതിർത്തു റാബ്റി ദേവി പ്രസംഗിക്കവേയാണു നിതീഷുമായി വാക്കേറ്റവും വിവാദ പരാമർശങ്ങളുമുണ്ടായത്. റാബ്റി ദേവിയെ അപമാനിച്ച നിതീഷ് രാജിവച്ച് ഏതെങ്കിലും ആശ്രമത്തിലേക്കു പോകണമെന്നു നിയമസഭാ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് പ്രതികരിച്ചു. മനോനില തകരാറിലായ നിതീഷിനോടു സഹതാപമാണു തോന്നുന്നത്. ഈ പ്രായത്തിൽ അദ്ദേഹം ആരോഗ്യത്തോടെ ഇരിക്കട്ടെയെന്നു ദൈവത്തോടു പ്രാർഥിക്കാൻ മാത്രമേ കഴിയുകയുള്ളൂവെന്നും തേജസ്വി പറഞ്ഞു.
Source link