അമ്മയും പെൺമക്കളും ട്രെയിനിന് മുന്നിൽ ചാടി മരിച്ച സംഭവം; ഭർത്താവ് നോബിയുടെ ജാമ്യാപേക്ഷ തള്ളി

കോട്ടയം: ഏറ്റുമാനൂരിൽ അമ്മയും പെൺമക്കളും ട്രെയിനിന് മുന്നിൽ ചാടി മരിച്ച സംഭവത്തിലെ പ്രതി തൊടുപുഴ ചുങ്കം ചേരിയിൽ വലിയപറമ്പിൽ നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷ തള്ളി. ഏറ്റുമാനൂർ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. നോബിയെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് നോബിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ ഗാർഹിക പീഡനക്കേസും ചുമത്തിയിട്ടുണ്ട്.
നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷയെ പൊലീസ് എതിർത്തിരുന്നു. പ്രതി ജാമ്യത്തിലിറങ്ങിയാൽ തെളിവ് നശിപ്പിക്കുമെന്നും അന്വേഷണത്തെ ബാധിക്കുമെന്നും പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി.
പാറോലിക്കൽ ഷൈനി കുര്യാക്കോസ് (43), മക്കളായ അലീന (11), ഇവാന (10) എന്നിവരാണ് മരിച്ചത്. ഫെബ്രുവരി ഇരുപത്തിയെട്ടിനാണ് ഷൈനിയും മക്കളും ജീവനൊടുക്കിയത്. തലേന്ന് നോബി മദ്യലഹരിയിൽ ഷൈനിയെ വിളിച്ചിരുന്നു. വിവാഹമോചനം നൽകില്ലെന്നും കുട്ടികൾക്ക് ചെലവിന് പണം തരില്ലെന്നും ഇയാൾ ഷൈനിയോട് പറഞ്ഞിരുന്നു. കൂടാതെ അച്ഛന്റെ ചികിത്സയ്‌ക്കായി എടുത്ത വായ്‌പയിൽ നിന്നും നോബി കൈയൊഴിഞ്ഞു. ഇതോടെ ഷൈനി കൂടുതൽ പ്രതിസന്ധിയിലായി. ഇതാണ് ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.
നോബി ലൂക്കോസുമായി പിരിഞ്ഞു കഴിഞ്ഞിരുന്ന ഷൈനി പെൺമക്കൾക്കൊപ്പം പറോലിക്കലിലെ സ്വന്തം തറവാട് വീട്ടിലായിരുന്നു കഴിഞ്ഞ ഒമ്പത് മാസമായി താമസം. നഴ്സായിരുന്ന ഷൈനി ജോലി ലഭിക്കാത്തതിനാൽ നിരാശയിലായിരുന്നു. മരിച്ച അലീനയും ഇവാനയും തെള്ളകം ഹോളിക്രോസ് സ്‌കൂളിലെ വിദ്യാർത്ഥികളായിരുന്നു. ഷൈനിയുടെ മൂത്ത മകൻ എഡ്വിൻ എറണാകുളത്ത് സ്‌പോർട്സ് സ്‌കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്.
Source link