മാനന്തവാടിയിൽ പൊലീസ് ജീപ്പിടിച്ച് 65കാരൻ മരിച്ചു, നാല് പേർക്ക് പരിക്ക്

വയനാട്: മാനന്തവാടിയിൽ പൊലീസ് വാഹനമിടിച്ച് വഴിയോരക്കച്ചവടക്കാരൻ മരിച്ചു. 65കാരനായ ശ്രീധരനാണ് മരിച്ചത്. വളളിയൂർക്കാവിൽ വച്ച് അമ്പലവയൽ പൊലീസിന്റെ വാഹനമാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. മോഷണക്കേസിൽ പ്രതിയായ യുവാവിനെയും കൊണ്ട് ബത്തേരി കോടതിയിലേക്ക് പോകുകയായിരുന്നു പൊലീസ് ഉദ്യോഗസ്ഥർ.
വാഹനത്തിൽ പ്രതിയെ കൂടാതെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.വാഹനം നിയന്ത്രണം വിട്ട് ശ്രീധരനെ ഇടിച്ചുതെറിപ്പിച്ചതിനുശേഷം മറിയുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. അഞ്ച് പേരെയും ആശുപത്രിയിൽ എത്തിച്ചിരുന്നു. ചികിത്സയ്ക്കിടെയാണ് ഗുരുതര പരിക്കേറ്റ ശ്രീധരൻ മരിച്ചത്.
അതേസമയം, ഇന്ന് രാവിലെ എറണാകുളം വളയൻചിറങ്ങരയിൽ ടോറസ് ലോറി മറിഞ്ഞ് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. വളയൻചിറങ്ങര ഐടിസിക്ക് മുന്നിലാണ് അപകടം സംഭവിച്ചത്. പിഴക്കാപ്പിള്ളി ഭാഗത്ത് നിന്ന് വന്ന ടോറസ് മറിഞ്ഞാണ് ഡ്രൈവർ അഖിൽ, ഐടിസി ഒന്നാം വർഷ വിദ്യാർത്ഥികളായ ആദിത്യ ചന്ദ്രൻ, ജോയൽ ജൂലിയറ്റ് എന്നിവർക്കാണ് പരിക്കേറ്റത്. അഖിലിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ലോറിയിൽ നിന്ന് മണ്ണും കല്ലും വീണാണ് വിദ്യാർത്ഥികൾക്ക് പരിക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമല്ല.
Source link