ASTROLOGY

ഉത്സവപ്പൊലിമയിൽ ആറ്റുകാൽ, വിശേഷം വിളക്കുകെട്ട്; ഐതിഹ്യം ഇങ്ങനെ


തെങ്ങോല കൊണ്ടു മറച്ച പുരയിലിരുന്ന് ഭക്തിയൂറുന്ന വരികളിലൂടെ കൊടുങ്ങല്ലൂരിൽ വാഴുന്ന ദേവിയെ പാടി ക്ഷണിക്കുകയാണ് ആശാനും സംഘവും. പാട്ടുകാരന്റെ ഭക്തിതീവ്രതയിൽ അലിഞ്ഞ് സർവാഭരണ വിഭൂഷിതയായി ദേവി ആറ്റുകാലിലേക്ക് എഴുന്നള്ളുന്നുവെന്നാണ് വിശ്വാസം. എല്ലാ വർഷവും കുംഭമാസത്തിലെ കാർത്തികനക്ഷത്രത്തിൽ ആറ്റുകാലിലെത്തുന്ന ദേവിയെ ആചാരവിധിപ്രകാരം കാപ്പു കെട്ടി കുടിയിരുത്തുന്നതോടെ ഉത്സവം തുടങ്ങുകയായി. ഒരുകാലത്ത് പാട്ട് എന്നു മാത്രം അറിയപ്പെട്ടിരുന്ന ഉത്സവം ഇന്ന് പൊങ്കാലയിലൂടെയാണ് ലോകമറിയുന്നത്. പൊങ്കാലയാണ് ഭക്തരുടെ പ്രിയ വഴിപാടെങ്കിലും തോറ്റംപാട്ടിലൂടെ ദേവിയുടെ കഥ പറഞ്ഞു പോകുന്നതിനനുസരിച്ച് വിവിധ വഴിപാടുകളും കഥാവിഷ്കാരങ്ങളും ഉത്സവം തുടങ്ങി പത്തു ദിവസങ്ങളിലായി ക്ഷേത്രത്തിൽ നടക്കുന്നു.തോറ്റംപാട്ടിന്റെ വഴിയേ തോറ്റംപാട്ടിനെയും ഉത്സവത്തെയും രണ്ടായി കാണാനാവില്ല. ദേവിയെ ക്ഷണിച്ച് ആറ്റുകാലിൽ കുടിയിരുത്തുന്ന ആ പാട്ടാണ് ഉത്സവം. തോറ്റം എന്നാൽ സ്തോത്രം എന്നും പ്രത്യക്ഷപ്പെടൽ, ഉദ്ഭവം എന്നുമെല്ലാം അർഥതലങ്ങളുണ്ട്. ആറ്റുകാൽ ദേവീക്ഷേത്രത്തിനു മുന്നിൽ ലളിതമായി ഒരുക്കിയ പച്ചപ്പന്തലിലിരുന്ന് കുഴിത്താളത്തിൽ താളമിട്ട് ആശാനും സംഘവും പാടി വരവേൽക്കുന്ന ദേവിയെയും ഗണങ്ങളെയും ക്ഷേത്രത്തിന്റെ വടക്കിനിയിൽ കുടിയിരുത്തുന്നു. തോറ്റംപാട്ടിലെ ദേവിയുടെയും പാലകന്റെയും കഥ ചിലപ്പതികാരത്തിലെ കണ്ണകിയുടെയും കോവലന്റെയും കഥയുമായി ഇഴചേർന്നു കിടക്കുന്നു. ദേവിയുടെ വിവാഹ വർണനയാണ് രണ്ടാം ദിവസം പാടുന്നത്. ആടയാഭരണങ്ങൾ അണിഞ്ഞ ദേവിയെ അതിമനോഹരമായാണു വർണിക്കുക. കൈലാസത്തിൽ പോയി ശിവനെ കണ്ട് അനുവാദം വാങ്ങി ആറ്റുകാലിലേക്കെത്തുന്ന ദേവിയുടെ വരവ് തോറ്റംപാടുന്നവർക്ക് അനുഭവിച്ചറിയാനാകുമത്രെ. ഏഴാംദിവസം പാലകന്റെ മരണം പാടുന്ന ദിവസം ആദരസൂചകമായി രാവിലെ 7 മണിക്കു ശേഷം മാത്രമേ ക്ഷേത്രനട തുറന്ന് പൂജആരംഭിക്കുകയുള്ളൂ. ദേവിക്കു ആദ്യ പൊങ്കാല സമർപ്പിക്കുന്നത് തോറ്റംപാട്ടുകാരനാണ്. പത്താം ദിവസമാണ് കൊടുങ്ങല്ലൂരമ്മയ്ക്ക് യാത്രയയപ്പ്.കുത്തിയോട്ട വ്രതം, പണ്ടാര ഓട്ടം മഹിഷാസുര മർദിനിയായ ദേവിയെ യുദ്ധത്തിൽ അനുഗമിച്ച മുറിവേറ്റ ഭടൻമാരാണ് കുത്തിയോട്ട ബാലൻമാർ എന്ന് സങ്കൽപം. 7 ദിവസം ക്ഷേത്രത്തിൽ താമസിച്ച് 1008 നമസ്കാരം ദേവിക്കു മുമ്പിൽ പൂർത്തിയാക്കണം. പാട്ടു തുടങ്ങി മൂന്നാംദിവസം രാവിലെ പന്തീരടി പൂജകൾക്കു ശേഷം കുത്തിയോട്ട വ്രതത്തിനുള്ള ഒരുക്കങ്ങൾ ആരംഭിക്കും. ക്ഷേത്രക്കുളത്തിൽ കുളിച്ച് ഈറനോടെ ആറ്റുകാലമ്മയെ വണങ്ങി പള്ളിപ്പലകയിൽ ഏഴു വെള്ളിനാണയങ്ങൾ വച്ച് ക്ഷേത്ര മേൽശാന്തിക്ക് ദക്ഷിണ നൽകിയാണ് വ്രതം ആരംഭിക്കുക. ഒൻപതാം ഉത്സവ ദിവസം വൈകിട്ട് കിരീടവും ആടയാഭരണങ്ങളും ധരിപ്പിച്ച് ദേവീ സന്നിധിയിൽ ചൂരൽകുത്തും. സഹോദരനായ മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്കുള്ള ദേവിയുടെ പുറത്തെഴുന്നള്ളത്തിന് അകമ്പടി സേവിക്കുന്നത് കുത്തിയോട്ട ബാലന്മ‍ാരാണ്. ഇതിൽ പ്രധാന സേനാനായകനായി നയിക്കുന്ന കുട്ടിയുടേതാണ് പണ്ടാര ഓട്ടം. തിരികെ ക്ഷേത്രത്തിലെത്തി ചൂരൽ ഇളക്കുന്നതോടെ വ്രതം അവസാനിക്കുന്നു.


Source link

Related Articles

Back to top button