വിദേശ മെഡിക്കൽ ബിരുദം; പ്രാക്ടീസ് ചെയ്യാൻ നീറ്റ് വേണമെന്ന വ്യവസ്ഥ ശരിവച്ച് സുപ്രീംകോടതി

ന്യൂഡൽഹി: വിദേശത്തുനിന്ന് മെഡിക്കൽ ബിരുദം കരസ്ഥമാക്കിയ ഒരാൾക്ക് ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യണമെങ്കിൽ നീറ്റ് പാസാകണമെന്നു സുപ്രീംകോടതി. രാജ്യത്തിനു പുറത്തെ യൂണിവേഴ്സിറ്റിയിൽ കോഴ്സിനു ചേരുന്നതിനുമുന്പുതന്നെ ഈ യോഗ്യത നേടണമെന്ന് 2018 ൽ ഇന്ത്യൻ മെഡിക്കൽ കൗണ്‍സിൽ കൊണ്ടുവന്ന വ്യവസ്ഥ സുപ്രീംകോടതി ശരിവച്ചു. വ്യവസ്ഥകൾ ഭരണഘടനാവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി വിദ്യാർഥികൾ സമർപ്പിച്ച ഹർജികളിലാണ് ജസ്റ്റീസുമാരായ ബി.ആർ. ഗവായ്, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. വ്യവസ്ഥ ഭരണഘടനാവിരുദ്ധമോ ഏകപക്ഷീയമോ അല്ലെന്നു ചൂണ്ടിക്കാട്ടി ഹർജികളിൽ ബെഞ്ച് ഇടപെട്ടില്ല.
വിദേശ മെഡിക്കൽ കോഴ്സിൽ ചേരണമെങ്കിൽ എലിജിബിലിറ്റി സർട്ടിഫിക്കറ്റ് വേണ എന്നാൽ സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ നീറ്റ് യോഗ്യത നേടണമെന്നും ഇന്ത്യൻ മെഡിക്കൽ കൗണ്‍സിലിന്റെ വ്യവസ്ഥയിൽ ചൂണ്ടിക്കാട്ടുന്നു. സുതാര്യത ഉറപ്പാക്കാനാണു നടപടിയെന്നാണ് മെഡിക്കൽ കൗണ്‍സിലിന്റെ വാദം. ഫെബ്രുവരി നാലിന്റെ വിധി കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതി വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യുന്നത്. എന്നാൽ ഇന്ത്യക്കുപുറത്ത് പ്രാക്ടീസ് ചെയ്യാൻ ഈ വ്യവസ്ഥ ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.
Source link