കൊല്ലം കോളേജ് ജംഗ്ഷനിലെ പള്ളിവളപ്പിൽ, സ്യൂട്ട്കേസിൽ അസ്ഥികൂടം

കൊല്ലം: കൊല്ലം എസ്.എൻ കോളേജ് ജംഗ്ഷനിലെ സെന്റ് തോമസ് സി.എസ്.ഐ പള്ളിവളപ്പിൽ സ്യൂട്ട്കേസിനുള്ളിൽ അസ്ഥികൂടം കണ്ടെത്തി. പഠനത്തിന് ഉപയോഗിച്ച ശേഷം ഉപേക്ഷിച്ചതെന്നാണ് പ്രാഥമിക നിഗമനം. പൂർണമായ തലയോട്ടി,ഒരു പല്ലോട് കൂടിയ കീഴ്ത്താടിയെല്ല്,വാരിയെല്ലിന്റെ 16 കഷണങ്ങൾ,നട്ടെല്ലിന്റെ16 ഭാഗങ്ങൾ,കൈകളുടെ ഏഴ് അസ്ഥി,ഇടുപ്പെല്ലിന്റെ രണ്ട് ഭാഗങ്ങൾ,തുടയെല്ലിന്റെ രണ്ട് ഭാഗം,ചുവന്ന ചരടിൽ കോർത്ത നിലയിൽ വാരിയെല്ലിന്റെ ഭാഗങ്ങൾ എന്നിവയാണ് കാണപ്പെട്ടത്. ആശുപത്രികളിൽ ഉപയോഗിക്കുന്ന തരത്തിലുള്ള കത്രിക,ചോക്കിന്റെ ചെറിയ കഷണം,നീല നിറമുള്ള പ്ലാസ്റ്റിക് അടപ്പ്,വർക്കല,പോളയത്തോട് എന്നിവിടങ്ങളിൽ പ്രവർത്തിച്ചിരുന്ന പൂരം ടെക്സ്റ്റൈൽസിന്റെ പ്ലാസ്റ്റിക് കവർ എന്നിവയും ഇതിനൊപ്പം ഉണ്ടായിരുന്നു.
തലയോട്ടിയുടെ പിൻഭാഗം ആയുധം ഉപയോഗിച്ച് മൂന്നു കഷണങ്ങളാക്കിയ നിലയിലായിരുന്നു. തുടയെല്ലിൽ ചുവന്ന സ്കെച്ച് പേന ഉപയോഗിച്ച് വരച്ചിട്ടുണ്ട്. പല അസ്ഥികളിലും അടയാളപ്പെടുത്തലുകളുണ്ട്. പള്ളിവളപ്പിലാണ് കപ്യാരായ ടി.പി.ബാബു താമസിക്കുന്നത്. പള്ളിയിൽ നിന്നാണ് വീട്ടിലേക്ക് വെള്ളമെത്തുന്നത്. നാലു ദിവസമായി വെള്ളം എത്താത്തതിനാൽ രാവിലെ 7.30 ഓടെ പ്ലംബറുമൊത്ത് പൈപ്പ് ലൈൻ കടന്നുപോകുന്ന ഭാഗത്ത് പരിശോധന നടത്തി. ഇതിനിടയിലാണ് ശാരദാമഠത്തിന് മുന്നിൽ നിന്ന് കപ്പലണ്ടിമുക്കിലേക്കുള്ള റോഡിനോട് ചേർന്ന മതിൽക്കെട്ടിനുള്ളിൽ സ്യൂട്ട് കേസ് കണ്ടത്. സിബ്ബ് കുറച്ചുഭാഗം തുറന്നിരുന്ന സ്യൂട്ട്കേസിനുള്ളിൽ അസ്ഥികൂടം കണ്ടതോടെ പൊലീസിനെ അറിയിക്കുകയായിരുന്നു.
കൊല്ലം ഈസ്റ്റ് എസ്.ഐ സുമേഷിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കിയ ശേഷം അസ്ഥികൂടം വിശദ പരിശോധനയ്ക്കായി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഫോറൻസിക് സംഘമെത്തി തെളിവുകൾ ശേഖരിച്ചു.
Source link