KERALAM

നുണയിൽ പിണയും പിണറായി സർക്കാർ : സുരേഷ് ഗോപി

തിരുവനന്തപുരം : നുണയിൽ പിണയും പിണറായി സർക്കാരെന്ന് കേന്ദ്രസഹ മന്ത്രി സുരേഷ് ഗോപിയുടെ പരിഹാസം. സെക്രട്ടേറിയറ്റിന് മുന്നിലെ ആശമാരുടെ സമരപന്തലിലെത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.നിയമപ്രകാരം കൊടുക്കേണ്ടത് കേന്ദ്ര സർക്കാർ കൊടുത്തുകഴിഞ്ഞു. തന്നിട്ടില്ലെന്നാണ്

ഇനിയും പറയുന്നതെങ്കിൽ, അതിന് യൂട്ടിലിറ്റി സർട്ടിഫിക്കറ്റ് കൊടുക്കണം. കേരളത്തിന് കേന്ദ്രവിഹിതം കൊടുത്തെന്ന് പാർലമെന്റിലാണ് മന്ത്രി പറഞ്ഞത്. അവിടെ നുണ പറയാൻ പറ്റില്ല. ആരാണ് കള്ളം പറയുന്നതെന്ന് അന്വേഷിക്കാൻ കേരളത്തിലെ ജനങ്ങളില്ലേ? കേരളത്തിലെ ജനങ്ങളുടെ വക്താക്കളായി മാദ്ധ്യമങ്ങളില്ലേ? അതിനും സി.ബി.ഐയും വരണോ? ഒന്നും കിട്ടിയില്ലെന്ന് വീണാ ജോർജ് പറയുന്നത് ഭാഷ മനസിലാകാത്തിനാലാകും.

വീണാ ജോർജും സർക്കാരും പറഞ്ഞു പറ്റിക്കുകയാണ്. സിക്കിം സർക്കാർ മാത്രമാണ് ആശാപ്രവർത്തകരെ തൊഴിലാളിയെന്ന ഗണത്തിലേക്ക് മാറ്റിയിയത്. വീണാ ജോർജും ശിവൻകുട്ടിയും വിചാരിച്ചാൽ ഇവിടെയും സാധിക്കും. ഡൽഹിയിൽ പോയി സമരമിരുന്നാൽ വരാമെന്ന മന്ത്രിയുടെ പരാമർശം തെറ്റായിപ്പോയി. ധൈര്യമുണ്ടെങ്കിൽ അങ്ങോട്ടേക്ക് വരട്ടെ അപ്പോൾ കാണാമെന്നും സുരേഷ് ഗോപി പറഞ്ഞു. ആശപ്രവർത്തകരുടെ വേതനം വർദ്ധിപ്പിക്കുമെന്ന കേന്ദ്ര മന്ത്രി ജെ.പി.നദ്ദയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സുരേഷ് ഗോപി വീണ്ടും പന്തലിലെത്തിയത്. കഴിഞ്ഞ ആഴ്ച സമരക്കാരെ കണ്ട് ആവശ്യങ്ങൾ ചോദിച്ചറിഞ്ഞ് കേന്ദ്രസർക്കാരിനെ അറിയിക്കാമെന്ന് ഉറപ്പ് നൽകിയാണ് മടങ്ങിയത്.

സമരത്തിന്റെ നേട്ടം : ആശാപ്രവർത്തകർ

ആശാവർക്കർമാരുടെ വേതനം വർദ്ധിപ്പിക്കുമെന്ന പ്രഖ്യാപനം കേരളത്തിലെ ആശാവർക്കർമാർ നടത്തിവരുന്ന സമരത്തിന്റെ നേട്ടമാണെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി.കെ.സദാനന്ദൻ പറഞ്ഞു. ലഭിക്കുന്ന ആനുകൂല്യം രാജ്യത്തെ എല്ലാ ആശാവർക്കർമാർക്കും നേട്ടമാകുമെന്നതിൽ സംഘടന അഭിമാനിക്കുന്നു. സെക്രട്ടറിയേറ്റ് പടിക്കൽ നടക്കുന്ന ശക്തമായ രാപകൽ സമരം ഒരുമാസം തികയുമ്പോഴാണ് കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനം. സംസ്ഥാനക്കാർ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.


Source link

Related Articles

Back to top button