പദ്മകുമാർ അയഞ്ഞെങ്കിലും നടപടിക്കൊരുങ്ങി സി.പി.എം

പത്തനംതിട്ട: സി.പി.എം സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്താത്തതിന് നേതൃത്വത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗം എ. പദ്മകുമാറിന്റെ നിലപാടിൽ അയവ്. ഇന്നത്തെ സി.പി.എം ജില്ലാ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കും. കേന്ദ്രസർക്കാരിനെതിരെ 17 ന് നടക്കുന്ന എൽ.ഡി.എഫ് സമരമാണ് യോഗത്തിലെ പ്രധാന അജൻഡ. സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് പ്രതിനിധികളുണ്ടാകില്ല. പദ്മകുമാറിന്റെ പരസ്യവിമർശനമുണ്ടാക്കിയ വിവാദം ചർച്ചയ്ക്ക് വരാനിടയില്ല. സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങൾ പങ്കെടുക്കുന്ന അടുത്ത യോഗത്തിൽ വിശദീകരണം കേട്ട ശേഷം ചർച്ച നടത്തി നടപടിയിലേക്ക് കടക്കും. പാർട്ടി ഘടകത്തിൽ പറയേണ്ടത് പരസ്യമായി പറഞ്ഞത് തെറ്റായിപ്പോയെന്ന് ഇന്നലെ പദ്മകുമാർ പറഞ്ഞത് പാർട്ടിക്ക് വഴങ്ങി പ്രവർത്തിക്കുമെന്നതിന്റെ സൂചനയാണ്. തന്നെ വളർത്തിയെടുത്ത പ്രസ്ഥാനമാണ് സി.പി.എമ്മെന്നും അദ്ദേഹം പറഞ്ഞു. നിരാശപ്പെട്ടിരിക്കുന്ന ചിത്രം ഫേസ് ബുക്കിൽ നിന്ന് മാറ്റി ചിരിക്കുന്ന മുഖം പോസ്റ്റു ചെയ്തു. ജില്ലാ സെക്രട്ടറി രാജു എബ്രഹാമും സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.ബി. ഹർഷകുമാറും നേരിട്ട് സന്ദർശിച്ചതോടെയാണ് പദ്മകുമാറിന് മനംമാറ്റമുണ്ടായത്.പദ്മകുമാർ പാർട്ടിയുടെ പ്രധാനപ്പെട്ട നേതാവാണെന്നും അഭിപ്രായങ്ങൾ ഗൗരവമായി പരിശോധിക്കുമെന്നും രാജു എബ്രഹാം പറഞ്ഞു.
Source link