ഗുരുദേവ – ഗാന്ധിജി സമാഗമത്തിന് ഇന്ന് ഒരു നൂറ്റാണ്ട്

ശിവഗിരി: അഹിംസയുടെ ഉപാസകരായ രണ്ട് യുഗപുരുഷന്മാരുടെ സമാഗമത്തിന് ഇന്ന് ഒരു നൂറ്റാണ്ട്. ഇരുട്ടിൽ നിന്ന് കേരളത്തെ വെളിച്ചത്തിലേക്കു നയിച്ച ശ്രീനാരായണ ഗുരുദേവനും അക്രമരഹിത സമരങ്ങളിലൂടെ രാജ്യത്തെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച മഹാത്മാഗാന്ധിയും. 1925 മാർച്ച് 12 ന് ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു കൂടിക്കാഴ്ച. ‘ഗാന്ധ്യാശ്രമം’ എന്ന് അറിയപ്പെട്ട വർക്കല തുരപ്പിനു സമീപത്തെ വനജാക്ഷി മന്ദിരമാണ് വേദിയായത്.
അന്നു വൈകിട്ട് വൈദികമഠത്തിൽ നടന്ന സമൂഹപ്രാർത്ഥനയിലും ഗാന്ധിജി പങ്കെടുത്തു. ഇതിന്റെ സ്മരണാർത്ഥം ഇന്ന് രാവിലെ 9ന് സമൂഹപ്രാർത്ഥനയോടെയാവും ശതാബ്‌ദി ആഘോഷങ്ങൾ ആരംഭിക്കുക. വൈദികമഠത്തിൽ നടക്കുന്ന പ്രാർത്ഥനായോഗത്തിൽ സ്വാമി വിശുദ്ധാനന്ദ, സ്വാമി സൂക്ഷ്മാനന്ദ, സ്വാമി ഋതംഭരാനന്ദ, സ്വാമി സാന്ദ്രാനന്ദ, സ്വാമി പരാനന്ദ, സ്വാമി വിശാലാനന്ദ തുടങ്ങിയവർ സന്ദേശങ്ങൾ നൽകും. 9.30ന് വനജാക്ഷി മന്ദിരത്തിലേക്ക് സന്യാസിമാരുടെ നേതൃത്വത്തിൽ പ്രയാണം. 10ന് മഹാത്മാഗാന്ധിയുടെ ചെറുമകൻ തുഷാർഗാന്ധി ‘വനജാക്ഷിമന്ദിരം” സമാഗമ ശതാബ്ദി സ്മാരക മ്യൂസിയമായി സമർപ്പണം ചെയ്യും. കൂടിക്കാഴ്ചയ്ക്കു ശേഷം ഗുരുവും ഗാന്ധിജിയും ശിവഗിരിയിലേക്ക് പ്രയാണം ചെയ്തതിന്റെ സ്മരണ പുതുക്കി 10.15ന് ഏകലോക സങ്കല്പ സന്ദേശയാത്ര നടത്തും. 10.30ന് സമാഗമ ശതാബ്ദി സമ്മേളനം തുഷാർഗാന്ധി ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. വി.എം.സുധീരൻ മുഖ്യാതിഥിയാകും. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. മദ്യലഹരി വിമുക്ത സമൂഹസൃഷ്ടി എന്ന വിഷയത്തിൽ എം.ജി യൂണിവേഴ്സിറ്റി ഗാന്ധി ചെയർ മുൻ ഡയറക്ടർ എ.പി.മത്തായി സെമിനാർ നയിക്കും. ഉച്ചയ്ക്ക് 2ന് ഗുരുദേവ-ഗാന്ധിജി സമാഗമത്തിന്റെ പുനരാവിഷ്കാരം.
Source link