INDIALATEST NEWS

ഇമിഗ്രേഷൻ ബിൽ: കേന്ദ്രത്തിനെതിരെ പ്രതിപക്ഷം മൗലികാവകാശങ്ങളുടെ ലംഘനം: കോൺഗ്രസ്


ന്യൂഡൽഹി ∙ ഇമിഗ്രേഷനുമായി ബന്ധപ്പെട്ടു കേന്ദ്രസർക്കാർ ലോക്സഭയിൽ അവതരിപ്പിച്ച ‘ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ബിൽ’ പിൻവലിക്കുകയോ സംയുക്ത പാർലമെന്ററി സമിതിക്കു വിടുകയോ ചെയ്യണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ബില്ലിലെ പല വ്യവസ്ഥകളും മൗലികാവകാശങ്ങളുടെ ലംഘനമാണെന്നു കോൺഗ്രസ് നേതാവ് മനീഷ് തിവാരി ബില്ലിന്റെ അവതരണം എതിർത്തു നടത്തിയ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ഇമിഗ്രേഷൻ ഓഫിസറുടെ തീരുമാനം അന്തിമമാണെന്ന വ്യവസ്ഥ നീതിയുടെ ലംഘനമാണ്. അപ്പീൽ നൽകാൻ വ്യവസ്ഥ വേണം. വിദേശികളെ പ്രവേശിപ്പിക്കുന്ന ആശുപത്രികൾ അവരുടെ വിവരങ്ങൾ നൽകണമെന്ന വ്യവസ്ഥ മെഡിക്കൽ നൈതികതയ്ക്ക് എതിരാണെന്നും തിവാരി പറഞ്ഞു.ആരുടെയും സഞ്ചാരസ്വാതന്ത്ര്യം തടയുകയല്ല ബില്ലിന്റെ ഉദ്ദേശ്യമെന്നും യാത്രകളിൽ നിയമം പാലിക്കണമെന്നതു മാത്രമാണു ലക്ഷ്യമെന്നും ബിൽ അവതരിപ്പിച്ച കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി പറഞ്ഞു. പുതിയ നിയമം വരുന്നതോടെ 1920ലെ പാസ്പോർട്ട് (എൻട്രി ഇൻ ടു ഇന്ത്യ) നിയമം, 1939 ലെ റജിസ്ട്രേഷൻ ഓഫ് ഫോറിനേഴ്സ് നിയമം, 1946 ലെ ഫോറിനേഴ്സ് നിയമം, 2000 ലെ ഇമിഗ്രേഷൻ (ക്യാരിയേഴ്സ് ലയബിലിറ്റി) നിയമം എന്നിവ അസാധുവാകും.  ബില്ലിലെ മറ്റു വ്യവസ്ഥകൾ  ∙ വീസ കാലാവധി കഴിഞ്ഞും ഇന്ത്യയിൽ തുടരുന്ന വിദേശികൾക്കു പരമാവധി 5 വർഷമായിരുന്ന തടവുശിക്ഷ 3 വർഷമാക്കി കുറയ്ക്കും. 3 ലക്ഷം രൂപ പിഴ നൽകേണ്ടി വരാം.  ∙ വ്യാജ പാസ്പോർട്ട് ഉപയോഗിക്കുകയോ ലഭ്യമാക്കുകയോ ചെയ്യുന്നവർക്ക് 7 വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും.   ∙ ഇന്ത്യയിലെ പ്രവേശനാനുമതി നിഷേധിക്കപ്പെട്ട വ്യക്തി യാത്ര ചെയ്യാൻ ശ്രമിച്ചാൽ തടയേണ്ടതു വിമാനക്കമ്പനിയുടെ ബാധ്യത.  ∙ യാത്രാരേഖകളില്ലാതെ ഒരാളെ ഇന്ത്യയിലേക്കു കൊണ്ടുവരാൻ ശ്രമിച്ചാൽ വിമാനക്കമ്പനിയിൽനിന്ന് 5 ലക്ഷം രൂപ വരെ പിഴ ഈടാക്കാം.  ∙ പാസ്പോർട്ട് ഇല്ലാതെ ഇന്ത്യയിലേക്കു കടക്കാൻ ശ്രമിക്കുന്നവർക്ക് 5 വർഷം തടവോ 5 ലക്ഷം രൂപ വരെ പിഴയോ     ലഭിക്കാം.


Source link

Related Articles

Back to top button