KERALAM

പത്താം ക്ലാസിൽ ഉറപ്പുള്ള ചോദ്യങ്ങളും ഉത്തരങ്ങളും വാട്‌സാപ്പ് വഴി നൽകും; പുതിയ പരസ്യവുമായി എംഎസ് സൊല്യൂഷൻസ്

കോഴിക്കോട്: പുതിയ പരസ്യവുമായി ചോദ്യപ്പേപ്പർ ചോർച്ചാ കേസിൽ അന്വേഷണം നേരിടുന്ന ട്യൂഷൻ സെന്റർ എംഎസ് സൊല്യൂഷൻസ്. പത്താം ക്ലാസ് സയൻസ് വിഷയങ്ങളിൽ ഉറപ്പുള്ള ചോദ്യങ്ങളും ഉത്തരങ്ങളും വാട്‌സാപ്പ് വഴി നൽകാമെന്നാണ് വാഗ്ദാനം. 199രൂപയ്‌ക്ക് സയൻസ് വിഷയങ്ങളിൽ എ പ്ലസ് എന്ന തലക്കെട്ടിലാണ് പരസ്യം. പിഡിഎഫ് ഫയൽ ആയി ചോദ്യങ്ങളും ഉത്തരങ്ങളും നൽകാമെന്നാണ് പരസ്യത്തിൽ പറയുന്നത്.

ചോദ്യപ്പേപ്പർ ചോർച്ചയിൽ എംഎസ് സൊല്യൂഷൻസ് സിഇഒ ഷുഹൈബിനെയും ചോദ്യപ്പേപ്പർ ചോർത്തി നൽകിയ മലപ്പുറത്തെ സ്വകാര്യ സ്‌കൂൾ ജീവനക്കാരൻ അബ്‌ദുൾ നാസറിനെയും പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സ്ഥാപനത്തിൽ നിന്നുള്ള പുതിയ പരസ്യം.

കഴിഞ്ഞ മൂന്ന് പാദവാർഷിക പരീക്ഷകളിലായി പൊതുവിദ്യാലയങ്ങളിലെ ചോദ്യപ്പേപ്പർ എംഎസ് സൊല്യൂഷൻസ് ചോർത്തി യൂട്യൂബി ചാനലിലൂടെ നൽകിയിരുന്നതായി വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയിരുന്നു. 2017ലാണ് ഈ യൂട്യൂബ് ചാനൽ തുടങ്ങിയത്. 2023ലെ ക്രിസ്‌മസ് പരീക്ഷയുടെ ചോദ്യങ്ങൾ പ്രവചിച്ചശേഷം ചാനലിന്റെ കാഴ്‌ചക്കാരുടെ എണ്ണം വീണ്ടും കൂടി. യൂട്യൂബ് ചാനലിന്റെ ഓഫീസുള്ള കൊടുവള്ളി മേഖലയിൽ കഴിഞ്ഞ ഓണപ്പരീക്ഷയ്‌ക്ക് കുട്ടികൾ വ്യാപകമായി കോപ്പിയടിച്ചത് കണ്ടെത്തിയിരുന്നു.

യൂട്യൂബിൽ നിന്ന് കിട്ടിയ ചോദ്യങ്ങൾക്ക് കുട്ടികൾ ഉത്തരം തയ്യാറാക്കി കൊണ്ടുവരികയായിരുന്നു. പരാതിയിൽ കൊടുവള്ളി എഇഒ അന്വേഷമം നടത്തി താമരശേരി ഡിഇഒ മുഖേന പൊതുവിദ്യാഭ്യാസ ഡയറക്‌‌ടറെ വിവരം ധരിപ്പിക്കുകയും ചെയ്‌തിരുന്നു.


Source link

Related Articles

Back to top button