ചോദ്യപ്പേപ്പർ ചോർച്ച : എംഎസ് സൊലൂഷൻസ് സിഇഒ ഷുഹൈബിനെ കൊടുവള്ളിയിലെത്തിച്ച് തെളിവെടുപ്പ്

കോഴിക്കോട് ∙ ചോദ്യക്കടലാസ് ചോർത്തിയ കേസിൽ പ്രതിയായ എംഎസ് സൊലൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബിനെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ കൊടുവള്ളിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊടുവള്ളിയിലെ എംഎസ് സൊലൂഷൻസ് ഓഫിസ്, കുന്നമംഗലത്തെ ബന്ധുവീട് എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടത്തിയത്. മൂന്നു ദിവസത്തേക്കാണ് ഷുഹൈബിനെ കസ്റ്റഡിയിൽ വിട്ടത്. ചോദ്യക്കടലാസ് ചോർത്തി നൽകിയ മലപ്പുറം സ്കൂളിലെ പ്യൂൺ അബ്ദുൽ നാസറിനെയും മൂന്നു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. നാസറിനെ നാളെ മലപ്പുറത്തെത്തിച്ച് തെളിവെടുപ്പ് നടത്തും.മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഷുഹൈബ് ക്രൈംബ്രാഞ്ചിനു മുന്നിൽ കീഴടങ്ങിയത്. ചോദ്യക്കടലാസ് ചോർത്തി നൽകിയ മലപ്പുറത്തെ സ്കൂളിലെ പ്യൂൺ അബ്ദുൽ നാസറിനെ ബുധനാഴ്ച ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. എംഎസ് സൊലൂഷൻസിലെ അധ്യാപകരായ ജിഷ്ണു, ഫഹദ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവർ ജാമ്യത്തിലാണ്. ചോദ്യം ചെയ്യലിന് ഇവരെ വീണ്ടും വിളിപ്പിച്ചേക്കുമെന്നാണ് വിവരം.പ്രവചനം മാത്രമാണ് നടത്തിയതെന്നും ചോദ്യക്കടലാസ് ചോർത്തിയില്ലെന്നുമായിരുന്നു ഷുഹൈബിന്റെ നിലപാട്. എന്നാൽ ചോദ്യക്കടലാസ് ചോർത്തിയതു തന്നെയാണെന്ന് അബ്ദുൽ നാസറിനെ അറസ്റ്റ് ചെയ്തതോടെ വ്യക്തമായി. ചോദ്യക്കടലാസിന്റെ ഫോട്ടോ എടുത്ത് നാസർ എംഎസ് സൊലൂഷൻസിലെ അധ്യാപകനായ ഫഹദിന് അയയ്ച്ചുകൊടുക്കുകയായിരുന്നെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.
Source link