KERALAM

പതിനഞ്ചുകാരിയും യുവാവും തൂങ്ങിമരിച്ച സംഭവം; പെൺകുട്ടിയുടെ മൊബെെൽ ലൊക്കേഷൻ കണ്ടുപിടിക്കാനെന്താണ് ബുദ്ധിമുട്ടെന്ന് കോടതി

കൊച്ചി: കാസർകോട് പതിനഞ്ചുകാരിയെയും യുവാവിനെയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കേസ് ഡയറി ഹെെക്കോടതിയിൽ ഹാജരാക്കി. അന്വേഷണ ഉദ്യോഗസ്ഥനും കോടതിയിൽ നേരിട്ട് ഹാജരായി. ഇവരുടെ കോൾ റെക്കാർഡ് എപ്പോഴാണ് പരിശോധിച്ചതെന്ന് ചോദിച്ച കോടതി പെൺകുട്ടിയുടെ മരണം എപ്പോഴാണ് സംഭവിച്ചതെന്നും ചോദിച്ചു. കാണാതായ ദിവസം തന്നെ പെൺകുട്ടി മരിച്ചുവെന്ന് പൊലീസ് കോടതിയിൽ മറുപടി പറഞ്ഞു. ഇന്നലെയും പെൺകുട്ടിയെ കാണാതായ സംഭവത്തിൽ പൊലീസിനെതിരെ രൂക്ഷവിമർശനമാണ് ഹെെക്കോടതി നടത്തിയത്.

പെൺകുട്ടിയെ കാണാതായ സംഭവത്തിൽ എന്നാണ് പൊലീസ് അന്വേഷണം നടത്തിയതെന്നും സംഭവത്തിൽ പോക്സോ കേസ് ചുമത്തി അന്വേഷണം വേഗത്തിൽ നടത്തണമായിരുന്നുവെന്നും ഹെെക്കോടതി വിമർശിച്ചു. കൃത്യവിലോപം പൊലീസിൽ നിന്നും ഉണ്ടായോയെന്നാണ് പരിശോധിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. സത്രീകളെയോ കുട്ടികളെയോ കാണാതായാൽ പൊലീസ് അപ്പോൾ തന്നെ അന്വേഷണം ആരംഭിക്കണം. പെൺകുട്ടിയുടെ മൊബെെൽ ലൊക്കേഷൻ കണ്ടുപിടിക്കാനെന്താണ് ബുദ്ധിമുട്ട് ഉള്ളത്. പൊലീസ് നായ പ്രദേശത്ത് പരിശോധന നടത്തിയത് എന്നാണ്.

പെൺകുട്ടിയുടെ മരണം സംഭവിച്ച് ദിവസങ്ങൾ കഴിഞ്ഞിരുന്നില്ലേ. എന്തുകൊണ്ടാണ് പൊലീസ് നായയുടെ പരിശോധന വെെകിയതെന്നും ഹെെക്കോടതി ഡിവിഷൻ ബെഞ്ച് ചോദിച്ചു. എന്നാൽ പെൺകുട്ടി ഒളിച്ചോടിപ്പോയെന്നാണ് കരുതിയതെന്ന് പൊലീസ് മറുപടി നൽകി. ഇതോടെ 15 വയസുള്ള പെൺകുട്ടിയെ അല്ലേ കാണാതായതെന്ന് ചോദിച്ച കോടതി, പോക്സോ കേസ് ആയി വേഗത്തിലുള്ള അന്വേഷണം അല്ലേ വേണ്ടിയിരുന്നത്, പ്രായപൂർത്തിയായ സ്ത്രീ എന്ന നിലയിലാണ് പൊലീസിന്റെ അന്വേഷണം നടന്നതെന്നും കോടതി വിമർശിച്ചു.

പെൺകുട്ടിയെ കാണാനില്ലെന്ന് വ്യക്തമാക്കി അമ്മ നൽകിയ ഹേബിയസ് കോർപ്പസ് ഹർജി കഴിഞ്ഞ ദിവസമാണ് കോടതിയിലെത്തിയത്. പരാതി നൽകി ആഴ്ചകളായിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. അതിന് പിന്നാലെയാണ് മരണവിവരം പുറത്തുവന്നത്. കേസിലെ ഈ വഴിത്തിരിവ് ഞെട്ടിക്കുന്നതാണെന്ന് ഡിവിഷൻബെഞ്ച് വിലയിരുത്തി.


Source link

Related Articles

Back to top button