‘തിരഞ്ഞെടുക്കപ്പെട്ട എല്ലാ ചുമതലകളിൽ നിന്നും ഒഴിയുന്നു, ഇനി സാധാരണ പ്രവർത്തകൻ’: നിലപാടിലുറച്ച് പത്മകുമാർ

പത്തനംതിട്ട∙ പാർട്ടിക്കെതിരായ പ്രതിഷേധം ആവർത്തിച്ച് സിപിഎം നേതാവും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എ.പത്മകുമാർ. പാർട്ടിയുടെ, തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽനിന്നും ഒഴിയുകയാണെന്നും സാധാരണ പ്രവർത്തകനായി തുടരുമെന്നും പത്മകുമാർ അറിയിച്ചു. സംസ്ഥാന കമ്മിറ്റിയിൽനിന്ന് ഒഴിവാക്കപ്പെട്ടതിനു പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസം അദ്ദേഹം പ്രതിഷേധം അറിയിച്ചിരുന്നു.‘‘ഒരു പൊട്ടിത്തെറിയുമില്ല. പാർട്ടിയിൽ പറയേണ്ടതാണ്, പക്ഷേ പരസ്യമായി പറയേണ്ടി വന്നു. സ്വാഭാവികമായി, മനുഷ്യനെന്ന നിലയ്ക്കുള്ള വികാര വിചാരങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രതികരണമാണ്. ഞാൻ പാർട്ടിയിൽത്തന്നെയാണ്. രാഷ്ട്രീയമായി വ്യത്യസ്ത അഭിപ്രായമില്ല. സംഘടനാപരമായും 99 ശതമാനവും വ്യത്യസ്ത അഭിപ്രായമില്ല. പാർട്ടിയുടെ ഉപരി കമ്മിറ്റികളിലേക്ക് എടുക്കുമ്പോൾ രാഷ്ട്രീയ ബോധം, സംഘടനാ ധാരണ എന്നിവ ഉണ്ടാകണം. അങ്ങനെയാണ് പഴയ നേതാക്കൻമാർ പഠിപ്പിച്ചിരിക്കുന്നത്.’’ – എ.പത്മകുമാർ തുറന്നടിച്ചു.‘‘പാർലമെന്ററി സ്ഥാനത്തേക്കു മാത്രമായി വന്ന ആൾ പെട്ടെന്ന് സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാവായി വന്നപ്പോൾ ഉണ്ടായ പ്രതികരണമാണ്. തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽനിന്നും ഒഴിയുകയാണ്. 65ാം വയസ്സിൽ റിട്ടയർ ചെയ്യുന്നു എന്നു വിചാരിച്ചാൽ മതി. സാധാരണ പാർട്ടി പ്രവർത്തകനായി നിൽക്കും. പാർട്ടി അനുവദിക്കുകയാണെങ്കിൽ ബ്രാഞ്ച് കമ്മിറ്റിയിൽ പ്രവർത്തിക്കാനും തയാറാണ്.’’ – പത്മകുമാർ വ്യക്തമാക്കി.
Source link