KERALAM

പരസ്യ പ്രതികരണം തെറ്റായിപ്പോയി, എന്ത് അച്ചടക്ക നടപടി സ്വീകരിച്ചാലും അനുസരിക്കും; മയപ്പെട്ട് പദ്മകുമാർ

പത്തനംതിട്ട: നാളത്തെ സി പി എം ജില്ലാ കമ്മിറ്റിയിൽ പങ്കെടുക്കുമെന്ന് എ പദ്മകുമാർ. പരസ്യ പ്രതികരണം തെറ്റായിപ്പോയെന്നും പാർട്ടി തനിക്കെതിരെ എന്ത് അച്ചടക്ക നടപടി സ്വീകരിച്ചാലും അനുസരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


വൈകാരികമായി പ്രതികരിച്ചുപോയതാണെന്നും പറയാനുള്ളത് പാർട്ടിക്കുള്ളിൽ പറയേണ്ടതായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ‘കഴിഞ്ഞ 52 വർഷക്കാലം പ്രവർത്തനം നടത്തി. മനുഷ്യരാകുമ്പോൾ തെറ്റും ശരിയുമൊക്കെ ഉണ്ടാകും. പാർട്ടിയിൽ നിന്ന് പോയ എത്രയോ പേർ തിരിച്ചുവന്നിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടിയെ സംബന്ധിച്ച്, പാർട്ടിയിലെ ഒരാൾക്ക് ഒരു പ്രശ്നമുണ്ടായാൽ അത് പറഞ്ഞ് പരിഹരിച്ച് മുന്നോട്ടുപോകും.’- പദ്മകുമാർ പറഞ്ഞു. ബി ജെ പി നേതാക്കൾ വീട്ടിലെത്തിയത് മാദ്ധ്യമശ്രദ്ധ കിട്ടാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനത്തിന്റെ സമാപന ദിവസം ജില്ലാ കമ്മിറ്റിയംഗം കൂടിയായ പദ്മകുമാർ ഫേസ്ബുക്കിലൂടെ നേതൃത്വത്തിനെതിരെ പരസ്യ പ്രതികരണം നടത്തിയത് അസാധാരണ സംഭവമായാണ് പാർട്ടി കരുതുന്നത്. ഒൻപത് വർഷത്തെ പാർലമെന്ററി പരിചയം മാത്രമുള്ള വീണാജോർജിനെ സംസ്ഥാന സമിതിയിൽ ക്ഷണിതാവാക്കിയതും അൻപത്തിരണ്ടുവർഷം സംഘടനാ പാരമ്പര്യമുള്ള തന്നെ തഴഞ്ഞതുമാണ് പദ്മകുമാറിനെ പ്രകോപിപ്പിച്ചത്.


പാർട്ടിയിൽ അര നൂറ്റാണ്ടിലേറെ പ്രവർത്തന പരിചയമുണ്ടായിട്ടും സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്താതിരുന്നതിന്റെ നിരാശയായിരുന്നു അദ്ദേഹം പ്രകടിപ്പിച്ചത്. പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണെന്ന് പദ്മകുമാർ ഇന്നലെ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

പദ്മകുമാറിനെ ജില്ലാ കമ്മിറ്റിയിൽ നിന്ന് കീഴ് ഘടകങ്ങളിലേക്ക് തരംതാഴ്ത്തിയേക്കും. ജില്ലാ സെക്രട്ടറി രാജു ഏബ്രഹാമും സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി. ബി ഹർഷകുമാറും പദ്മകുമാറിനെ വസതിയിലെത്തി കണ്ടപ്പോഴും നിലപാടിൽ അയവ് കാണിച്ചിരുന്നില്ല.


Source link

Related Articles

Back to top button