ഭൂപേഷ് ബാഗേലിന്റെ മകനെതിരേ ഇഡി റെയ്ഡ്

റായ്പുർ: മദ്യ അഴിമതിയിലെ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ മകൻ ചൈതന്യ ബാഗേലിനെതിരേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) റെയ്ഡ്. ഭൂപേഷ് ബാഗേലിന്റെ വീട്ടിലും ചൈതന്യയുടെ സ്ഥാപനങ്ങളിലുമായിരുന്നു റെയ്ഡ്. ചൈതന്യയുടെ കൂട്ടാളി ലക്ഷ്മി നാരായൺ ബൻസാലിന്റെയും മറ്റ് ഏതാനും പേരുടെയും സ്ഥാപനങ്ങളിലും ഉൾപ്പെടെ പതിനഞ്ചോളം സ്ഥലത്തായിരുന്നു റെയ്ഡ്. റെയ്ഡിനിടെ ബാഗേലിന്റെ ഭിലായിലെ വീടിനു മുന്നിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. തന്റെ വീട്ടിൽനിന്ന് 32-33 ലക്ഷം രൂപ മാത്രമാണ് ഇഡി കണ്ടെത്തിയതെന്നും അതു വലിയ കാര്യമല്ലെന്നും ഭൂപേഷ് ബാഗേൽ പറഞ്ഞു.
“”എന്റേത് വലിയ കുടുംബമാണ്. ഞങ്ങൾക്ക് 140 ഏക്കർ സ്ഥലത്ത് കൃഷിയുണ്ട്. ഞങ്ങൾക്ക് മറ്റു വരുമാനമുണ്ട്. ഇതിന്റെയെല്ലാം വിശദാംശങ്ങൾ നല്കും’’-ഭൂപേഷ് ബാഗേൽ പറഞ്ഞു. ഛത്തീസ്ഗഡ് മദ്യ അഴിമതിക്കേസിൽ മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ കവാസി ലഖ്മയെ ജനുവരിയിൽ ഇഡി അറസ്റ്റ് ചെയ്തിരുന്നു.
Source link