വനിതാ പൊലീസിന്റെ മുഖത്തിടിച്ചെന്ന പരാതി തെറ്റ്; സിപിഎം കൗൺസിലർക്ക് രക്ഷയായി സിസിടിവി ദൃശ്യം


തിരുവനന്തപുരം∙ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിനുള്ളിൽ പ്രവേശനം തടഞ്ഞ  പൊലീസ് ഉദ്യോഗസ്ഥയെ സിപിഎം കൗൺസിലർ ആർ.ഉണ്ണിക്കൃഷ്ണൻ ആക്രമിച്ചെന്ന കേസിൽ പരാതിയുടെ മുനയൊടിച്ച് സിസിടിവി ദൃശ്യം. വഴിമാറാൻ ആവശ്യപ്പെട്ട വനിതാ സിവിൽ പൊലീസ് ഓഫിസറെ കൗൺസിലർ വലതു കൈമുട്ടുമടക്കി നെറ്റിയിൽ ശക്തമായി ഇടിച്ചെന്നും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥയെ ദേഹോപദ്രവം ചെയ്തെന്നും ആയിരുന്നു കേസ്. ഫോർട്ട് പൊലീസാണ് സംഭവത്തിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തത്. എന്നാൽ ഇതു കെട്ടിച്ചമച്ച പരാതിയാണെന്ന കൗൺസിലറുടെ വാദം ശരിവയ്ക്കുന്ന തരത്തിലുള്ള ദൃശ്യമാണ് ഇന്നലെ പുറത്തുവന്നത്.പടിഞ്ഞാറെ നടയുടെ കവാടത്തിൽ എസ്ഐയും 2 വനിതാപൊലീസുകാരും അടക്കം 4 പേരാണ് ഡ്യൂട്ടിയിൽ നിൽക്കുന്നതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈ സമയം തിരക്കുണ്ടായിരുന്നില്ല. കവാടം വഴി ഭക്തർ അകത്തേക്കും പുറത്തേക്കും പോകുന്നതും ദൃശ്യങ്ങളിൽ കാണാം. പ്രായമായ, നടക്കാൻ പ്രയാസപ്പെടുന്ന 2 സ്ത്രീകളെ കൈപിടിച്ച് കൗൺസിലർ ഇവിടേക്കു കൊണ്ടുവരുമ്പോൾ എസ്ഐ കുറുകെ കയറി തടസ്സം നിൽക്കുന്നതും കൈവീശി ഇവരോട് മാറിപ്പോകാൻ ആവശ്യപ്പെടുന്നതുമാണ് ദൃശ്യത്തിൽ കാണുന്നത്. പിന്നീട് കൗൺസിലറും പ്രായമായ 2 സ്ത്രീകളും നോക്കി നിൽക്കെ, മറ്റൊരു പ്രായമായ സ്ത്രീയെയും അവർക്കൊപ്പം എത്തിയ 2 യുവതികളെയും എസ്ഐ കടത്തിവിട്ടു. ഇതോടെ അവർക്കു പിന്നാലെ കൗൺസിലർ അകത്തേക്കു കടക്കാൻ ശ്രമിക്കുമ്പോൾ എസ്ഐ തടയുകയും ബലപ്രയോഗം നടത്തുകയും ചെയ്തു. എസ്ഐ  കൗൺസിലറെ തള്ളിമാറ്റുമ്പോഴാണു സമീപത്തുനിന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ നെറ്റിയിൽ കൈ കൊള്ളുന്നത‌്.


Source link

Exit mobile version