INDIALATEST NEWS

രന്യയുടെ സ്വർണക്കടത്ത് ‘കേരള മോഡലിലോ’?; എത്തിച്ചത് ജ്വല്ലറികൾക്ക്, അന്വേഷിക്കാൻ എൻഐഎ


ബെംഗളൂരു ∙ സ്വർണക്കടത്തിന്റെ ‘മാസ്റ്റർമൈൻഡ്’ നടി രന്യ റാവു ആണെന്നു ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ). ദുബായിൽനിന്നു വൻതോതിൽ സ്വർണം കടത്തിയ കേസിൽ കഴിഞ്ഞദിവസമാണു രന്യ അറസ്റ്റിലായത്. ഡിആർഐ കസ്റ്റഡിയിലായിരുന്ന രന്യയെ കർണാടക ഹൈക്കോടതി 24 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.രന്യ റാവുവിന്റെ സ്വർണക്കടത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികളിലെ ഉദ്യോഗസ്ഥർക്കും ജ്വല്ലറി ഉടമകൾക്കും പങ്കുള്ളതായാണു സൂചന. ആറു മാസത്തിനിടെ 27 തവണ ദുബായിലേക്കു യാത്ര ചെയ്യാൻ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ സഹായിച്ചതായി പൊലീസിനു സംശയമുണ്ട്. നടി കടത്താൻ ശ്രമിച്ച 12.56 കോടി രൂപ വിലയുള്ള 14.2 കിലോഗ്രാം സ്വർണം ബെംഗളൂരുവിലെ 2 ജ്വല്ലറികൾക്കു വേണ്ടി കൊണ്ടു വന്നതാണെന്നാണു സൂചന.2020ൽ നയതന്ത്ര ചാനലിലൂടെ കേരളത്തിലേക്കു സ്വർണം കടത്തിയതിനു സമാനമാണോ ഈ കേസെന്നും  പരിശോധിക്കുന്നുണ്ട്. സിബിഐയും കേസ് അന്വേഷിക്കുന്നുണ്ട്. ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കേസ് ഏറ്റെടുത്തേക്കും. ഇതിനിടെ, സ്വർണക്കടത്തു കേസിൽ ഒരാളെ കൂടി ഡിആർഐ അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ ഹോട്ടൽ ഉടമയുടെ മകനാണ് അറസ്റ്റിലായത്.കേസിൽനിന്നു രക്ഷപ്പെടാൻ നടി സിദ്ധരാമയ്യ സർക്കാരിലെ മന്ത്രിമാരുടെ സഹായം തേടിയതായി ബിജെപി സംസ്ഥാന പ്രസിഡന്റ് ബി.വൈ.വിജയേന്ദ്ര നിയമസഭയിൽ ആരോപിച്ചു. 2023ൽ രന്യയുടെ കമ്പനിക്കു സ്റ്റീൽ പ്ലാന്റ് തുടങ്ങാൻ ബിജെപി സർക്കാർ 12 ഏക്കർ ഭൂമി നൽകിയെന്നു കോൺഗ്രസും തിരിച്ചടിച്ചു.


Source link

Related Articles

Back to top button