കന്നഡ നടിയുടെ അറസ്റ്റ്: പരസ്പരം പഴിചാരി കോൺഗ്രസും ബിജെപിയും

ബംഗളൂരു: സ്വർണക്കടത്തു കേസിൽ കന്നഡ നടി രന്യ റാവുവിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് കർണാടകയിൽ രാഷ്ട്രീയ ചെളിവാരിയെറിയൽ ആരംഭിച്ചു. നടിയോട് പ്രത്യേക താത്പര്യം കാട്ടിയെന്നും കുറ്റകൃത്യം മറച്ചുവയ്ക്കാൻ ശ്രമിച്ചുവെന്നും കോൺഗ്രസും ബിജെപിയും പരസ്പരം ആരോപിക്കുന്നു. കർണാടകയിൽ വൻ രാഷ്ട്രീയ സ്വാധീനമുള്ള ഒരു മന്ത്രിയാണ് നടിയെ സംരക്ഷിച്ചതെന്ന് ബിജെപി ആരോപിക്കുന്നു. എന്നാൽ, നടിക്ക് ടിഎംടി സ്റ്റീൽ കന്പിനി ഫാക്ടറി ആരംഭിക്കാൻ 12 ഏക്കർ ഭൂമി നൽകിയത് ബിജെപിയാണെന്നു കോൺഗ്രസ് പറയുന്നു. 2023ൽ തുമകുരു ജില്ലയിലാണ് ഭൂമി അനുവദിച്ചതെന്നു മന്ത്രി എം.ബി. പാട്ടീൽ ആരോപിച്ചു. സിബിഐയുടെ വരവോടെ സത്യം എന്തായാലും പുറത്തുവരുമെന്നും അതിനുമുൻപ് ഒന്നും പറയാനാകില്ലെന്നും കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര മാധ്യമങ്ങളെ അറിയിച്ചു.
സ്വർണക്കടത്തുകേസിൽ അറസ്റ്റ് ചെയ്യപ്പെട്ട കന്നഡ നടി രന്യ റാവുവിനെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു. സാന്പത്തിക കുറ്റകൃത്യങ്ങൾക്കുവേണ്ടിയുള്ള പ്രത്യേക കോടതിയാണ് നടിയെ ജുഡീഷൽ കസ്റ്റഡിയിൽ വിട്ടത്. മൂന്നു ദിവസം നടിയെ റവന്യു ഇന്റലിജൻസ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു വരികയായിരുന്നു. ഇന്നലെ കോടതിയിൽ ഹാജരാക്കിയപ്പോൾ നടി പൊട്ടിക്കരഞ്ഞു. നടി രന്യ റാവു ഉൾപ്പെട്ട സ്വർണക്കടത്ത് കേസിൽ ഒരാളെക്കൂടി ഡിആർഐ അറസ്റ്റ് ചെയ്തു. പ്രമുഖ ഹോട്ടൽ വ്യവസായിയുടെ മകനാണ് അറസ്റ്റിലായത്.
Source link