KERALAMLATEST NEWS

കഞ്ചാവ് വളർത്തിയ കേസുകളിൽ പ്രതി, കാടിന് തീയിട്ടതിന്റെ കാരണം ദുരൂഹം; കാട്ടാനകളെ മറയാക്കി രക്ഷപ്പെടാൻ നീക്കം

കൽപ്പറ്റ: വയനാട് കമ്പമലയിൽ കാടിന് തീയിട്ട സംഭവത്തിലെ പ്രതിയെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത് അതിസാഹസികമായി. പ്രതി മുത്തുമാരി സ്വദേശി സുധീഷിനെ ഇന്നലെ വൈകിട്ടാണ് പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് പിടികൂടിയത്. 12 ഹെക്‌ടർ തീപിടിത്തത്തിൽ നശിച്ചിരുന്നു.

വനത്തിനുള്ളിൽ ആരോ തീയിടുന്നതാണെന്ന് കണ്ടെത്തിയതോടെ വനംവകുപ്പ് സംഘം ഡിഎഫ്‌ഒയുടെ നേതൃത്വത്തിൽ കാട്ടിൽ തെരച്ചിൽ നടത്തുന്നതിനിടെയാണ് പ്രതിയെ കണ്ടെത്തിയത്. കാട്ടാനകളെ മറയാക്കി രക്ഷപ്പെടാനുള്ള സുധീഷിന്റെ നീക്കമാണ് വനംവകുപ്പ് പൊളിച്ചത്.

ഒരേസ്ഥലത്ത് അടുത്തടുത്ത രണ്ട് ദിവസങ്ങളിൽ കാട്ടുതീ പടർന്നതോടെയാണ് ആരെങ്കിലും തീയിട്ടതാകാമെന്ന സംശയം ഉയർന്നത്. ഇന്നലെ തീ അണയ്ക്കുന്നതിനിടെയാണ് ദൗത്യസംഘം സംശയാസ്‌പദമായി ഒരാൾ വനത്തിലൂടെ നീങ്ങുന്നത് കണ്ടത്. കുരിശുകുത്തി മലയിൽവച്ച് വനപാലകർ ഇയാളെ പിന്തുടരാൻ ശ്രമിച്ചെങ്കിലും ഇവിടെ നിലയുറപ്പിച്ചിരുന്ന കാട്ടാനക്കൂട്ടത്തെ മറയാക്കി സുധീഷ് രക്ഷപ്പെട്ടു. വനത്തെക്കുറിച്ചുള്ള കൃത്യമായ ധാരണ ഇയാൾക്കുണ്ടായിരുന്നു. മുത്തുമാരി ഭാഗത്ത് ഡിഎഫ്‌ഒ അടക്കം പിടികൂടാൻ നിൽക്കുന്നത് മനസിലാക്കി മറ്റൊരു വഴിയിലൂടെ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.

കാട് പൂ‌ർണമായും കത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സുധീഷ് തീയിട്ടത്. ഇതിനായി അരകിലോമീറ്റർ ഇടവിട്ട് പുൽമേടുകൾക്ക് തീ പടർത്തുകയായിരുന്നു. എളുപ്പത്തിൽ തീ അണയ്ക്കാൻ സാധിക്കാത്ത സ്ഥലം സുധീഷ് ബോധപൂർവം തിരഞ്ഞെടുത്തതാണെന്നാണ് വനംവകുപ്പ് കരുതുന്നത്. ജനവാസ കേന്ദ്രത്തിൽ നിന്ന് ഒരുകിലോമീറ്ററോളം ഉൾവനത്തിലായിരുന്നു തീ പടർന്നത്. തീ ജനവാസ മേഖലകളിൽ എത്തിയിരുന്നെങ്കിൽ വലിയ ദുരന്തമായേനെയെന്നും ഉദ്യോഗസ്ഥർ പറയുന്നു.

കഞ്ചാവ് വളർത്തിയതുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് സുധീഷ്. സമൂഹമാദ്ധ്യമങ്ങളിൽ പൊലീസിനെതിരെ രൂക്ഷമായി പ്രതികരിക്കാറുണ്ട്. വനംവകുപ്പിനെയും പൊലീസിനെയും തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങളാണ് പ്രതി പറയുന്നതെന്ന് ഡിഎഫ്‌ഒ പറയുന്നു. എന്തിനാണ് കാടിന് തീവച്ചതെന്ന കാര്യത്തിൽ സുധീഷ് ഇനിയും വ്യക്തമായ ഉത്തരം നൽകിയിട്ടില്ല. പ്രതിയെ ഇന്നുതന്നെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസും വനംവകുപ്പും ശ്രമിക്കുന്നത്.


Source link

Related Articles

Back to top button