പാമ്പുകടിയേറ്റ് മരണം കേരളത്തിൽ ആന്റിവെനം നിർമ്മിക്കാൻ വനംവകുപ്പ്

തിരുവനന്തപുരം: പാമ്പുകടിയേറ്റുള്ള മരണം കുറയ്ക്കുന്നതിന് സംസ്ഥാനത്ത് ആന്റിവെനം നിർമ്മിക്കാനൊരുങ്ങി വനംവകുപ്പ്. എല്ലാ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും ആന്റിവെനം ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇത് സംബന്ധിച്ച വനംവകുപ്പിന്റെ പദ്ധതി ശുപാർശ സർക്കാരിന് സമർപ്പിച്ചു. ആരോഗ്യ, വ്യവസായ വകുപ്പുകളുടെ സഹകരണത്തോടെ സ്റ്റാർട്ടപ്പ് കമ്പനികളുമായി ചേർന്ന് ഉത്പാദിപ്പിക്കാനാണ് തീരുമാനം.
നിലവിൽ തമിഴ്നാട്ടിലെ ഇരുള ട്രൈബൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി, ബംഗളൂരു ഇന്ത്യൻ ഇൻസ്റ്രിറ്റ്യൂട്ട് ഒഫ് സയൻസ് എന്നിവിടങ്ങളിൽ നിന്നാണ് ആന്റിവെനം എത്തിക്കുന്നത്. മൂർഖൻ, ചേനത്തണ്ടൻ, വെള്ളിക്കെട്ടൻ, ചുരുട്ട മണ്ഡലി എന്നീ പാമ്പുകളുടെ വിഷത്തിനുള്ള പ്രതിവിഷമാണിവ. എന്നാൽ, കേരളത്തിൽ കാണപ്പെടുന്ന അണലി, എട്ടടി മൂർഖൻ തുടങ്ങിയവയുടെ ഉഗ്രവിഷത്തെ ചെറുക്കാൻ ഇവ പര്യാപ്തമല്ല. മുഴമൂക്കൻ കുഴിമണ്ഡലി പോലുള്ള പാമ്പുകൾക്ക് ആന്റിവെനം കണ്ടെത്തിയിട്ടുമില്ല. അന്തരീക്ഷ താപനില അനുസരിച്ച് പാമ്പുകളുടെ വിഷത്തിന്റെ തീവ്രത കൂടും. തണുപ്പുള്ള ഉയർന്ന പ്രദേശങ്ങളിലെ അപേക്ഷിച്ച് താഴ്ന്ന പ്രദേശങ്ങളിലെയും കടലിലെയും പാമ്പുകളുടെ വിഷത്തിന്റെ തീവ്രത കൂടുതലാണ്. അവ കടിച്ചാൽ മരണനിരക്കും കൂടുതലാണ്.
പരീക്ഷണം കുതിരയിൽ
പാമ്പുകളിൽ നിന്ന് വിഷം ശേഖരിക്കും. പ്രത്യേകം കുപ്പികളിലാക്കി പാമ്പിന്റെ ഇനവും കണ്ടെത്തിയ സ്ഥലവും രേഖപ്പെടുത്തും. താപനില 20 ഡിഗ്രി സെൽഷ്യസിൽ കുറച്ച് ചെറിയ അളവുകളായി ക്രമീകരിച്ച് കുതിരയിൽ കുത്തിവയ്ക്കും. ഇങ്ങനെ പലതവണയായി വിഷത്തിന്റെ അളവ് വർദ്ധിപ്പിച്ച് കുതിരയിൽ വിഷത്തെ ചെറുക്കാനുള്ള ആന്റിബോഡി രൂപപ്പെടുത്തും. ഇത്തരത്തിൽ ബൂസ്റ്റർ ഡോസ് വിഷം ഏറ്റാലും അപകടമുണ്ടാകാത്ത അവസരത്തിലെത്തുമ്പോൾ കുതിരയുടെ രക്തം ശേഖരിച്ച് പ്രതിവിഷം അടങ്ങിയ സെറം വേർതിരിച്ചെടുക്കും. ഈ സെറമാണ് ആന്റിവെനമായി ഉപയോഗിക്കുന്നത്.
പാമ്പ് കടിയേറ്റുള്ള മരണം
2016-17——– 75
2017-18——– 92
2018-19——– 123
2019-20——– 71
2020-21——– 52
2021-22——– 65
2022-23——– 48
2023-24——– 34
2024-25——– 31
ആകെ……… 591
Source link