KERALAM

ലഹരിമുക്തിക്ക് ഗവർണറുടെ ആക്ഷൻ പ്ലാൻ,​ ക്യാമ്പസിലും ഹോസ്റ്റലിലും പൊലീസിന് പരിശോധിക്കാം

തിരുവനന്തപുരം: ക്യാമ്പസുകൾ ലഹരിവിമുക്തമാക്കാനുള്ള തന്റെ ആക്ഷൻ പ്ലാൻ നടപ്പാക്കണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ വൈസ്ചാൻസലർമാർക്ക് നിർദ്ദേശം നൽകി. ‘ലഹരിയോട് സന്ധിയില്ല’ എന്ന ക്യാമ്പയിന് ഗവർണർ തന്നെ നേതൃത്വം നൽകും. ക്യാമ്പസുകളിലും ഹോസ്റ്റലുകളിലും നിരന്തരം പരിശോധനകൾ നടത്തണം. ആവശ്യമെങ്കിൽ പൊലീസ് സഹായം തേടാം. പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഉടൻ വിളിക്കുമെന്നും ഗവർണർ വ്യക്തമാക്കി.

ലഹരി ഉപയോഗിക്കുന്നതിൽ 90%വും 15 മുതൽ 25വരെ പ്രായമുള്ളവരാണ്.വിദ്യാർത്ഥികളിൽ രണ്ടു ശതമാനം മാത്രമാണ് ലഹരിയുപയോഗിക്കുന്നത്. 12 വി.സിമാരും രണ്ട് രജിസ്ട്രാർമാരും രാജ്ഭവനിൽ ഗവർണർ വിളിച്ച യോഗത്തിനെത്തി. സംസ്കൃതം, എം.ജി വി.സിമാർ സ്ഥലത്തില്ലാത്തതിനാൽ രജിസ്ട്രാർമാരാണ് പങ്കെടുത്തത്.

ലഹരിമുക്ത ദിനാചരണത്തിന് ഗവർണർ

#മാസത്തിലൊരു ദിവസം ലഹരിമുക്ത ദിനമായി ആചരിക്കണം. അന്ന് വിപുലമായ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കണം. ഗവർണറും പങ്കെടുക്കും. ക്യാമ്പയിന് കേന്ദ്രത്തിന്റെയും സന്നദ്ധസംഘടനകളുടെയും പണം ലഭ്യമാക്കും.പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥരുമായും സഹകരിക്കണം.

#ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്തി ചികിത്സ നൽകി പുനരധിവസിപ്പിക്കണം. മറ്റുള്ളവർ ലഹരിഉപയോഗത്തിലേക്ക് വീഴാതെ നോക്കണം. ക്യാമ്പസുകളിൽ ലഹരിഉപയോഗം പരിശോധിക്കാൻ സംവിധാനമുണ്ടാവണം. ഡ്രോൺ, നിർമ്മിതബുദ്ധി സംവിധാനങ്ങൾ ഉപയോഗപ്പെടുത്താം.

#കാർഷിക സർവകലാശാലയിൽ ഹോസ്റ്റലുകളിലടക്കം ലഹരി ഉപയോഗം കണ്ടെത്താൻ രാത്രിയിൽ വി.സി, ഡീൻ, വാർഡർമാർ എന്നിവരുടെ നേതൃത്വത്തിൽ നിരന്തരം പരിശോധനയുണ്ടെന്ന് വി.സി ഡോ.ബി.അശോക് പറഞ്ഞു. ലഹരി ഉപയോഗം കണ്ടെത്തിയിട്ടില്ല. സമാന നടപടികൾ വി.സിമാരുടെ നേതൃത്വത്തിൽ എല്ലായിടത്തും വേണമെന്ന് ഗവർണർ നിർദ്ദേശിച്ചു.

# സ്കൂളുകളിലടക്കം ബോധവത്കരണത്തിന് ആരോഗ്യ സർവകലാശാല നേതൃത്വം നൽകണം. നടപടികൾ ഏകോപിപ്പിക്കാൻ കേരള, ആരോഗ്യ സർവകലാശാലകളുടെ വി.സി ഡോ.മോഹനൻ കുന്നുമ്മേലിനെ ഗവർണർ നിയോഗിച്ചു.

എം.പിമാരുടെ

യോഗം ഇന്ന്

ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് പിന്തുണതേടി ഗവർണർ ഡൽഹിയിൽ എം.പിമാരുടെ യോഗം

വിളിച്ചു. ഇന്ന് വൈകിട്ടാണ് യോഗം. കേരളത്തിന്റെ പൊതുവായ പ്രശ്നങ്ങൾ കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ ആവശ്യപ്പെടുന്നതും യോഗത്തിന്റെ അജണ്ടയാണ്.

”യുവാക്കളെ ലഹരിക്ക് അടിമകളാക്കി രാജ്യത്തെ തകർക്കാനുള്ള ഗൂഢശ്രമമാണ് നടക്കുന്നത്

-ഗവർണർ രാജേന്ദ്ര

വിശ്വനാഥ് ആർലേക്കർ


Source link

Related Articles

Back to top button