കാസർകോട് 15കാരിയുടെ മരണം: പൊലീസിന് ഹൈക്കോടതി വിമർശനം, കേസ് ഡയറി ഇന്ന് ഹാജരാക്കണം

കൊച്ചി: കാസർകോട് പൈവളികെയിൽ കാണാതായ 15കാരിയെ ടാക്സി ഡ്രൈവർക്കൊപ്പം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കുട്ടിയെ കാണാതായിട്ട് 29 ദിവസമായിരുന്നു. കുടുംബത്തിന്റെ പരാതിയിൽ എന്തു സംഭവിച്ചെന്നറിയണം. കേസ് ഡയറിയുമായി അന്വേഷണ ഉദ്യോഗസ്ഥൻ ഇന്ന് നേരിട്ട ഹാജരാകണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചു.
പെൺകുട്ടിയെ കാണാനില്ലെന്ന് വ്യക്തമാക്കി അമ്മ നൽകിയ ഹേബിയസ് കോർപ്പസ് ഹർജി കഴിഞ്ഞ ദിവസമാണ് കോടതിയിലെത്തിയത്. പരാതി നൽകി ആഴ്ചകളായിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. അതിന് പിന്നാലെയാണ് മരണവിവരം പുറത്തുവന്നത്. കേസിലെ ഈ വഴിത്തിരിവ് ഞെട്ടിക്കുന്നതാണെന്ന് ഡിവിഷൻബെഞ്ച് വിലയിരുത്തി.
പൊലീസ് കാര്യക്ഷമമായി അന്വേഷിച്ചിരുന്നെങ്കിൽ മകൾ ജീവിച്ചിരിക്കുമായിരുന്നെന്നാണ് അമ്മ പറയുന്നതെന്ന് അവരുടെ അഭിഭാഷകൻ പി.ഇ.സജൽ വാദിച്ചു. സാമ്പത്തികവും സാമൂഹികവുമായി പിന്നാക്കം നിൽക്കുന്നവരിലാണ് പൊലീസ് വീഴ്ച വരുത്തുന്നതെന്ന ആരോപണവും ഉന്നയിച്ചു. തുടർന്നാണ് എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാൻ കോടതി തീരുമാനിച്ചത്.
പെൺകുട്ടിയെ കാണാനില്ലെന്ന ആദ്യ പരാതിയിലും മരണശേഷമുള്ള കേസിലും എന്തു നടപടിയെടുത്തെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വിശദീകരിക്കണം.
ഇന്ന് ഹാജരാകുമ്പോൾ രണ്ടു കേസ് ഡയറികളും സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
Source link