വോട്ടർപട്ടിക ക്രമക്കേട് ലോക്സഭ ചർച്ച ചെയ്യണം: രാഹുൽ

ന്യൂഡൽഹി∙ വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട ക്രമക്കേടുകളെക്കുറിച്ച് ലോക്സഭയിൽ ചർച്ച വേണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. 2 സംസ്ഥാനങ്ങളിലെ വോട്ടർമാർക്ക് ഒരേ നമ്പറിലുള്ള വോട്ടർ തിരിച്ചറിയൽ കാർഡ് നൽകിയ സംഭവം തൃണമൂൽ കോൺഗ്രസ് സഭയിൽ ഉന്നയിക്കുന്നതിനിടെയാണ് രാഹുൽ ഗാന്ധി ഈ ആവശ്യം മുന്നോട്ടുവച്ചത്. മഹാരാഷ്ട്ര തിരഞ്ഞെടുപ്പു ക്രമക്കേട് സംബന്ധിച്ച് താൻ വാർത്താസമ്മേളനം നടത്തിയിട്ട് ഒരു മാസം കഴിഞ്ഞു. എന്നാൽ സുതാര്യത സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷനിൽ നിന്ന് മറുപടി ലഭിച്ചില്ല. ഇപ്പോൾ വോട്ടർപട്ടികയിൽ ഇരട്ടിപ്പ് സംബന്ധിച്ച ആക്ഷേപമുയരുന്നു. ഇതു കൂടുതൽ ഗൗരവതരമായ ചോദ്യങ്ങളാണ് ഉയർത്തുന്നത്– രാഹുൽ പറഞ്ഞു. അതേസമയം, 2 സംസ്ഥാനങ്ങളിലെ വോട്ടർമാർക്ക് ഒരേ നമ്പറിലുള്ള വോട്ടർ തിരിച്ചറിയൽ കാർഡ് നൽകിയ വിഷയത്തിൽ, ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർമാരെ കുറ്റപ്പെടുത്തുകയാണ് തിരഞ്ഞെടുപ്പു കമ്മിഷൻ ചെയ്തത്. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയാണ് ഈ വിഷയം ആദ്യമായി ഉന്നയിച്ചത്. അടുത്ത വർഷം ബംഗാൾ, അസം തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ വോട്ടർ പട്ടിക കൃത്യമായി പുതുക്കണമെന്ന് ഈ വിഷയം ലോക്സഭയിൽ ഉന്നയിച്ച തൃണമൂൽ എംപി സൗഗത റോയ് ആവശ്യപ്പെട്ടു. സുതാര്യമായാണ് തിരഞ്ഞെടുപ്പുകൾ നടക്കുന്നതെന്ന് കമ്മിഷൻ പറയുന്നുണ്ടെങ്കിലും, കഴിഞ്ഞ കുറച്ച് വർഷങ്ങളായി അങ്ങനെയല്ല തിരഞ്ഞെടുപ്പുകൾ നടക്കുന്നതെന്ന് തൃണമൂൽ അംഗമായ കല്യാൺ ബാനർജി പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
Source link